ചൊക്ലി: ചൊക്ലിയിൽ തണ്ണീർത്തടങ്ങളും വയലുകളും വ്യാപകമായി മണ്ണിട്ട് നികത്തുന്നു. കണ്ടൽക്കാടുകളും നശിപ്പിക്കുകയാണ്. ഒളവിലം, പാത്തിക്കൽ മേഖലയിലാണ് തെരഞ്ഞെടുപ്പുകാലത്ത് വ്യാപകമായി മണ്ണിട്ടത്. കണ്ടൽക്കാടുകളുടെ സംരക്ഷണം ഉറപ്പുവരുത്തി ഉദ്യാനസമാനമാക്കിയ ബണ്ട് റോഡിനരികിൽ വൻതോതിൽ മണ്ണിറക്കി സ്വകാര്യ വ്യക്തികൾ കണ്ടൽക്കാടുകൾ നശിപ്പിച്ചിരിക്കുകയാണ്.
പാത്തിക്കലിൽ തീരദേശ റോഡിനോട് ചേർന്നുള്ള ചീനത്ത് വയലിലും സമീപത്തെ തണ്ണീർത്തടങ്ങളിലുമാണ് വൻതോതിൽ മണ്ണിറക്കിയത്. നെൽകൃഷി നടന്നുകൊണ്ടിരിക്കുന്ന വയലുകളിൽപോലും മണ്ണിറക്കിയത് വൻ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഈ രീതിയിലുള്ള വ്യാപകമായ നികത്തൽ ചീനത്തുവയലിലെ അവശേഷിക്കുന്ന നെൽകൃഷിയും പൂർണമായി ഇല്ലാതാക്കുമെന്ന് ആശങ്കയുണ്ട്. ഡാറ്റ ബാങ്കിലുൾപ്പെട്ട ഭൂമിയുൾപ്പെടെ അനധികൃതമായി നികത്തിയിട്ടുണ്ട്. മഴക്കാലത്ത് വീടുകളടക്കം വെള്ളത്തിലാവുന്ന പാത്തിക്കൽ ഭാഗത്തും മണ്ണിട്ടിരിക്കുകയാണ്.
മഴവെള്ള സംഭരണികളായിരുന്ന തണ്ണീർത്തടങ്ങളെല്ലാം മണ്ണിട്ട് നികത്തിയത് പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകൾക്ക് വലിയഭീഷണിയാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. പാത്തിക്കലിലും കക്കടവിലും ബോട്ടുെജട്ടി നിർമാണം നടക്കുകയാണ്. ഇത് യാഥാർഥ്യമായാലുള്ള ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താനാണ് നിർമാണപ്രവർത്തനത്തിനായി വയലും തണ്ണീർത്തടങ്ങളും നികത്തുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. തെരഞ്ഞെടുപ്പ് കാലമായിരുന്നതിനാൽ റവന്യൂ, പഞ്ചായത്ത് അധികൃതരുടേയും രാഷ്ട്രീയപാർട്ടികളുടേയും ശ്രദ്ധയുണ്ടാകില്ലെന്ന് കണ്ടാണ് മൂന്നാഴ്ചക്കിടയിൽ വൻതോതിൽ വയലുകളിലടക്കം മണ്ണിട്ടത്. ഡാറ്റ ബാങ്കിലുൾപ്പെട്ട തണ്ണീർത്തടങ്ങളും വയലുകളും നികത്തുന്ന യന്ത്രങ്ങളും വാഹനങ്ങളും കസ്റ്റഡിയിലെടുക്കാൻ നിയമം അനുവദിക്കുമ്പോൾ അതിൽനിന്ന് രക്ഷപ്പെടാനാണ് ഈ സമയം തിരഞ്ഞെടുത്തത്.
വിവിധ സംഘടനകളും വ്യക്തികളും റവന്യൂ മന്ത്രിക്ക് നൽകിയ പരാതിയെത്തുടർന്ന് അധികൃതർ അടിയന്തര വിശദീകരണം തേടിയിട്ടുണ്ട്.
റവന്യൂ അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്. തുടർന്ന് പ്രവൃത്തി നിർത്തിവെക്കാൻ വില്ലേജ് അധികൃതർ മെമ്മോ നൽകിയെങ്കിലും പൂർവസ്ഥിതിയിലാക്കാനുള്ള നടപടികൾ ആർ.ഡി.ഒ തലത്തിൽ സ്വീകരിക്കാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. സ്ഥലമുടമകൾ പ്രദേശവാസികളല്ലാത്തതിനാൽ അവരെ കണ്ടെത്താനും നടപടിയെടുക്കാനും കാലതാമസം നേരിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.