കല്യാശ്ശേരി: ദേശീയപാത വികസന പ്രവൃത്തികൾ നടത്താനായി ദേശീയപാത അധികൃതർ സ്വകാര്യ വ്യക്തിയുടെ സ്ഥലം കൈയേറി കലുങ്ക് നിർമിച്ചതായി പരാതി. ഇതുസംബന്ധിച്ച് സ്ഥലമുടമയായ വയക്കാലി സതീശൻ ജില്ല കലക്ടർക്ക് പരാതി നൽകി. ഇദ്ദേഹം കലുങ്ക് നിർമാണം തടയുകയും ചെയ്തു.
നിർമാണ പ്രവൃത്തികൾക്ക് തടസ്സം നിന്നതോടെ പ്രവൃത്തികൾ നിർത്തിവെച്ച നിലയിലാണിപ്പോൾ. ഇദ്ദേഹം ദേശീയപാതക്ക് വിട്ടുകൊടുത്ത സ്ഥലംകഴിച്ച് ബാക്കി വന്ന ഏഴര സെന്റ് സ്ഥലത്താണ് ദേശീയപാത അധികൃതർ അനധികൃതമായി കൈയേറി കലുങ്ക് നിർമിച്ചതെന്നാണ് ആക്ഷേപം. ഇതിനുസമീപത്തെ മറ്റൊരു സ്വകാര്യ വ്യക്തിയുടെ സ്ഥലവും ഇപ്രകാരം കൈയേറിയതായി ആക്ഷേപം ഉയർന്നിട്ടുണ്ട്.
ദേശീയപാത വിഭാഗം ഏറ്റെടുത്ത സ്ഥലത്തിനു പുറമെ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് ഒരു മുന്നറിയിപ്പും കൂടാതെ അതിക്രമിച്ചുകയറാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. കല്യാശ്ശേരിയിൽ ദേശീയപാതക്കായി ആദ്യം 45 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുത്തതിനുപിന്നാലെ രണ്ടാമതും പുതിയ അലൈൻമെന്റ് സൃഷ്ടിച്ച് 45 മീറ്റർ കൂടി ഏറ്റെടുത്തിരുന്നു.
എന്നാൽ, രണ്ടാമത് ഏറ്റെടുത്ത 45 മീറ്ററിൽ മാത്രമാണ് നിർമാണ പ്രവൃത്തികൾ ഇപ്പോൾ നടന്നുവരുന്നത്. ഇങ്ങനെ രണ്ട് തവണ ഏറ്റെടുത്തപ്പോൾ രണ്ടിനും മധ്യേയുള്ള നാല് സ്വകാര്യ വ്യക്തികളുടെ സ്ഥലവും കെട്ടിടവും ഏറ്റെടുക്കാൻ അധികൃതർ തയാറായില്ല.
അങ്ങനെ ഏറ്റെടുക്കാത്ത സ്ഥലത്താണ് ദേശീയപാത വിഭാഗം ഇപ്പോൾ കൈയേറ്റം നടത്തിയിരിക്കുന്നത്. ദേശീയപാതയുടെ പേരിൽ നടത്തുന്ന അതിക്രമം ചോദിക്കാൻ പാടില്ലെന്ന ധാർഷ്ട്യമാണ് പ്രവൃത്തി നടത്തുന്നവരുടെ നിലപാടെന്നും പരക്കെ ആക്ഷേപമുണ്ട്.
സതീശന്റെ കൈയിലുള്ള പ്രസ്തുത സ്ഥലത്തേക്ക് സർവിസ് റോഡിൽനിന്ന് വഴി അനുവദിക്കുന്നതിനായി ഫീസിനത്തിൽ 5,30,000 രൂപ അടച്ച് അനുമതിയും നേടിയിരുന്നു. അതിനിടയിലാണ് ദേശീയപാത അധികൃതരുടെ ഭാഗത്തുനിന്നും അനധികൃത കൈയേറ്റമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.