കണ്ണൂർ: ജില്ലയില്‍ ഒമ്പത് ആരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യദിനം കോവിഡ് വാക്സിന് കുത്തിവെപ്പ് നടക്കും. ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിനേഷന് നല്‍കുക. സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 10,563 ഉം സ്വകാര്യ മേഖലയിലെ 10,670ഉം ആരോഗ്യ പ്രവര്‍ത്തകരടക്കം ആകെ 27,233 പേര് ഇതിനകം വാക്സിന് ലഭിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ജില്ലയില്‍ കോവിഡ് വാക്സിനേഷനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഇന്‍ ചാര്‍ജ് ഡോ. എം പ്രീത അറിയിച്ചു. സര്‍ക്കാര്‍ മേഖലയില്‍ 100 കേന്ദ്രങ്ങളിലും സ്വകാര്യ മേഖലയില്‍ 20 കേന്ദ്രങ്ങളിലും കുത്തിവെപ്പിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ഒരു കേന്ദ്രത്തില്‍ ഒരു ദിവസം രാവിലെ 50 പേര്‍ക്കും ഉച്ചക്കു ശേഷം 50 പേര്‍ക്കുമായി 100 പേര്‍ക്കാണ് കുത്തിവെപ്പ് നല്‍കുക. ഇതിനായി ഓരോ വാക്സിന് കേന്ദ്രത്തിലും അഞ്ച് പേരടങ്ങിയ വാക്സിനേഷന് ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. കുത്തിവെപ്പിെൻറ തീയതിയും സമയവും സ്ഥലവും അറിയിച്ച് രജിസ്റ്റര്‍ ചെയ്ത ഗുണഭോക്താക്കളുടെ മൊബൈല്‍ നമ്പറിലേക്ക് സന്ദേശം അയക്കും. ഗുണഭോക്താക്കള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അനുവദിച്ച സമയത്ത് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുമായി അതത് സ്ഥലത്ത് ഹാജരാകണം. കോവിഡ് രോഗലക്ഷണങ്ങളുള്ളവരും പോസിറ്റിവായി ചികിത്സയില്‍ കഴിയുന്നവരും വാക്സിനേഷന് ഹാജരാകരുത്. നെഗറ്റിവായി 28 ദിവസത്തിനു ശേഷം മാത്രമേ അവര്‍ക്ക് കുത്തിവെപ്പ് ലഭിക്കൂ. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, 18 വയസ്സില്‍ താഴെയുള്ളവര്‍, മുമ്പ് ഏതെങ്കിലും കുത്തിവെപ്പ് എടുത്തതിനാല്‍ അലര്‍ജി ഉണ്ടായിട്ടുള്ളവര് എന്നിവര്‍ക്ക് കുത്തിവെപ്പ് നല്‍കില്ല.
റിസപ്ഷന്, തിരിച്ചറിയല്‍ മുറി, വാക്സിനേഷന് മുറി, നിരീക്ഷണ മുറി എന്നിവ ഓരോ കുത്തിവെപ്പ് കേന്ദ്രത്തിലും സജ്ജീകരിച്ചിട്ടുണ്ട്. കുത്തിവെപ്പിനുശേഷം അരമണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിഞ്ഞതിനു ശേഷമാണ് പോകാന്‍ അനുവദിക്കുക. കുത്തിവെപ്പിനെത്തുടര്‍ന്ന് പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ അതിനായി പ്രത്യേക സംവിധാനം ഓരോ കേന്ദ്രത്തിലും ഒരുക്കിയിട്ടുണ്ട്. വാക്സിനേഷന് കേന്ദ്രത്തിലേക്കുള്ള പ്രവേശനവും പുറത്തു കടക്കലും വ്യത്യസ്ത വാതിലുകളിലൂടെ ആയിരിക്കും. ഒരാള്‍ക്ക് രണ്ട് ഡോസ് കുത്തിവെപ്പാണ് നല്‍കുക. ആദ്യ കുത്തിവെപ്പ് കഴിഞ്ഞ് 28 ദിവസങ്ങള്‍ക്കു ശേഷം അടുത്ത ഡോസ് നല്‍കും. രണ്ടാമത്തെ ഡോസ് ലഭിച്ച് 14 ദിവസങ്ങള്‍ക്കു ശേഷം മാത്രമേ ഒരാള്‍ പ്രതിരോധ ശേഷി ആര്‍ജ്ജിക്കുകയുള്ളൂ.
വാക്സിനേഷെൻറ മേല്‍നോട്ടത്തിനും നിരന്തര മോണിറ്ററിങ്ങിനുമായി കലക്ടറുടെ നേതൃത്വത്തില്‍ ജില്ല ടാസ്ക് ഫോഴ്സും ബ്ലോക്ക് തലത്തില്‍ ബ്ലോക്ക് ടാസ്ക് ഫോഴ്സും രൂപവത്കരിച്ചിട്ടുണ്ട്. ഇതിന് പുറമെ ജില്ല തലത്തില്‍ കണ്ട്രോള് റൂമും പ്രവര്‍ത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.