കണ്ണൂർ: നഗരത്തിലെ പൊട്ടിപ്പൊളിച്ച റോഡുകൾ നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികളുടെ പ്രതിഷേധം. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കടകളടച്ച് പ്രതിഷേധിച്ചു. തുടർന്ന് കോർപറേഷൻ ഓഫിസ് ഉപരോധിച്ചു. വ്യാപാരി വ്യവസായി സമിതി കണ്ണൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധം നടത്തി. കോർപറേഷന്റെ കീഴിൽ മഞ്ചപ്പാലത്തെ മലിനജല ശുദ്ധീകരണ പ്ലാന്റിലേക്കുള്ള പൈപ്പിടൽ പ്രവൃത്തിയുടെ ഭാഗമായാണ് നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെട്ടിപ്പൊളിച്ചത്. ഇതോടെ റോഡിലൂടെയുള്ള ഗതാഗതവും പൊടിശല്യവും വ്യാപാരികൾക്കടക്കം ദുരിതമായി. ഇതോടെയാണ് വ്യാപാരികൾ പ്രതിഷേധവുമായെത്തിയത്.
വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ മുനീശ്വരൻ കോവിലിനടുത്താണ് റോഡ് ഉപരോധിച്ചത്. പ്രശ്നത്തിന് പരിഹാരമാവുന്നില്ലെങ്കിൽ കടുത്തസമര രീതിയിലേക്ക് നീങ്ങുമെന്ന് നേതാക്കൾ പറഞ്ഞു. ഉപരോധം ജില്ല ജോ. സെക്രട്ടറി ഇ. സജീവൻ ഉദ്ഘാടനം ചെയ്തു. ഏരിയ ജോ. സിക്രട്ടറി എം. ഉമേശൻ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗങ്ങളായ സി.എച്ച്. പ്രദീപൻ, കെ.പി. അബ്ദുൽറഹ്മാൻ, ഷേർലി വിഷ്ണു, കുഞ്ഞുകുഞ്ഞൻ, പി. സിറാജ്, കെ. രഞ്ജിത്ത്, അബ്ദുൽ റൗഫ് എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സി. മനോഹരൻ സ്വാഗതം പറഞ്ഞു.
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് വ്യാപാരികള്‍ കടകളടച്ച് കോര്പറേഷന് ഓഫിസ് ഉപരോധിച്ചത്. രാവിലെ മുതല്‍ ആരംഭിച്ച ഉപരോധത്തെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് ഓഫിസില്‍ പ്രവേശിക്കാനായില്ല. സമരക്കാരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കിയാണ് ജീവനക്കാരെ ഓഫിസില്‍ പ്രവേശിപ്പിച്ചത്. സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. റോഡുകള്‍ പൂര്‍വ സ്ഥിതിയിലാക്കിയില്ലെങ്കില്‍ അനിശ്ചിതകാല കടയടപ്പ് സമരം ഉള്‍പ്പെടെയുള്ള ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് വ്യാപാരികളെ തള്ളി വിടാതിരിക്കാന്‍ കോര്പറേഷന് തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ല ജനറൽ സെക്രട്ടറി പുനത്തില്‍ ബാഷിത് അധ്യക്ഷത വഹിച്ചു. രാജന് തീയറോത്ത്, എം.ആര്. നൗഷാദ്, താജ് ജേക്കബ്, അജിത് ചാലാട്, അജിത് വാരം, കെ.വി. സലീം എന്നിവർ സംസാരിച്ചു.
ഇതിനിടെ നഗരത്തിലെ പൊടിപടല പ്രശ്നത്തിൽ നടപടി ആവശ്യപ്പെട്ട് ജില്ല മർച്ചന്റ്സ് ചേംബർ അഡ്വ. പി.യു. ഷൈലജൻ മുഖേന സമർപ്പിച്ച റിട്ട് ഹരജി ഹൈകോടതി വ്യാഴാഴ്ച പരിഗണനക്കെടുത്തു. പ്രശ്നത്തിൽ സർക്കാർ അഭിഭാഷകനോടും കണ്ണൂർ കോർപറേഷൻ അഭിഭാഷകനോടും നിർദേശങ്ങൾ സമർപ്പിക്കാൻ കോടതി ഉത്തരവിട്ടു. കേസ് അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.