കണ്ണൂർ: ഓടിക്കാതെ മുടങ്ങി കിടക്കുന്ന കെ.എസ്.ആർ.ടി.സി സർവിസുകൾ ഗ്രാമവണ്ടി പദ്ധതിയിൽ ഉൾപ്പെടുത്തി ഡീസൽ ചെലവ് വഹിച്ചു കൊണ്ട് തദ്ദേശ സ്ഥാപനങ്ങൾക്ക് പുനരാരംഭിക്കാമെന്ന് കെ.എസ്.ആർ.ടി.സി ജില്ല വികസനസമിതി യോഗത്തെ അറിയിച്ചു. നിലവിൽ പദ്ധതിയിലേക്ക് നിർദേശങ്ങൾ ലഭിച്ചിട്ടില്ല. ജില്ല കലക്ടർ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോവിഡ് കാലത്ത് നിർത്തലാക്കിയ സർവിസുകൾ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് കാലത്ത് നിർത്തലാക്കിയ സർവിസുകൾ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ല റോഡ് സുരക്ഷ കൗൺസിലിൽ ചർച്ച ചെയ്ത് ശാശ്വതമായ പരിഹാരം കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എ.ഡി.എം യോഗത്തെ അറിയിച്ചു. ജില്ല വികസന സമിതിയുടെ തീരുമാനമായി സർക്കാറിന്റെ ശ്രദ്ധയിൽപെടുത്തുന്നതിന് കെ.എസ്.ആർ.ടി.സി ചെയർമാന് കത്ത് നൽകിയിട്ടുണ്ട്. ലൈഫ് മിഷനിൽ ജില്ലയിൽ നിർമിക്കുന്ന ഫ്ലാറ്റുകളുടെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് ടി.ഐ. മധുസൂദനൻ എം.എൽ.എ യോഗത്തിൽ നിർദേശിച്ചു. ചെറുപുഴ എയ്യംകൽ അംബേദ്കർ കോളനിയിലെ നിർമാണ പ്രവൃത്തികൾ തുടങ്ങാനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് ഐ.ടി.ഡി.പി പ്രൊജക്ട് ഓഫിസർക്ക് യോഗം നിർദേശം നൽകി.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നുകോടി ചെലവഴിച്ച് പള്ളിക്കുന്ന്, പുഴാതി സ്കൂൾ കെട്ടിടം നിർമിക്കുന്നതിന് അംഗീകാരം ലഭിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉടൻ നടപടി സ്വീകരിക്കണമെന്ന് യോഗം നിർദേശിച്ചു. പള്ളിക്കുന്ന് ഗവ. ഹയർ സെക്കൻഡറി സ്കൂൾ സിവിൽ വർക്കിന്റെ എസ്റ്റിമേറ്റ് പൂർത്തിയാക്കിയിട്ടുണ്ടെന്നും ഇലക്ട്രിക്കൽ എസ്റ്റിമേറ്റ് ഉടൻ ലഭ്യമാക്കാൻ ഇലക്ട്രിക്കൽ വിഭാഗത്തെ അറിയിച്ചിട്ടുണ്ടെന്നും കോർപറേഷൻ സെക്രട്ടറി അറിയിച്ചു. പുഴാതി എച്ച്.എസ്.എസിന്റെ കവറേജ് പ്രശ്നം ഇതുവരെ പരിഹരിക്കാത്തതിനാൽ എസ്റ്റിമേറ്റ് സമർപ്പിക്കാൻ കഴിയാത്തത് എം.എൽ.എയുടെ സാന്നിധ്യത്തിൽ ഒരു യോഗം ചേർന്ന് തീരുമാനം കൈക്കൊള്ളാമെന്ന് ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ പറഞ്ഞു.
ഉദയഗിരി, പയ്യാവൂർ പഞ്ചായത്തുകളിൽ രൂക്ഷമായ വന്യമൃഗ ശല്യം നേരിടുന്നതിനാൽ ഉദയഗിരി പഞ്ചായത്തിലെ വനാതിർത്തിയിൽ സൗരോർജ തൂക്കുവേലി നിർമിക്കുന്നതിനുള്ള ഡി.പി.ആർ തയാറാക്കുന്നുണ്ടെന്നും നിലവിലുള്ള ഫെൻസിങ് അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഡി.എഫ്.ഒ പറഞ്ഞു. ടി.ഐ. മധുസൂദനൻ എം.എൽ.എ, ജില്ല പ്ലാനിങ് ഓഫിസർ കെ. പ്രകാശൻ, എ.ഡി.എം കെ.കെ. ദിവാകരൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.