കണ്ണൂർ: സംസ്ഥാന സർക്കാറിന്റെ മികച്ച ഭിന്നശേഷി സൗഹൃദ ജില്ല പഞ്ചായത്ത് പുരസ്കാരം കണ്ണൂർ ജില്ല പഞ്ചായത്തിന്. വയോജന ക്ഷേമ പ്രവർത്തനങ്ങളിലെ മികച്ച പ്രകടനത്തിനുള്ള പുരസ്കാരത്തിന് തൊട്ടുപിറകെയാണ് മറ്റൊരു നേട്ടത്തിന്റെ നിറവിൽ ജില്ല പഞ്ചായത്തെത്തിയത്.
വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരുടെ സമഗ്ര വികസനത്തിന് നിരവധി പദ്ധതികളാണ് ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്നത്. ഇതെല്ലാം പരിഗണിച്ചാണ് സംസ്ഥാന സർക്കാർ പുരസ്കാരത്തിനായി കണ്ണൂരിനെ പരിഗണിച്ചത്. 2021-22 വർഷത്തെ ഭിന്നശേഷി മേഖലയിലുള്ള മികച്ച പദ്ധതികൾ വിലയിരുത്തിയാണ് സാമൂഹികനീതി വകുപ്പിന്റെ അവാർഡിന് കണ്ണൂർ അർഹത നേടിയത്.
ജില്ല പഞ്ചായത്തിന് കീഴിലുള്ള ഹയർ സെക്കൻഡറി, ഹൈസ്കൂൾ, ജില്ല ആശുപത്രി ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളും വികലാംഗ സൗഹൃദ സ്ഥാപനമാക്കി മാറ്റാൻ വിവിധ പദ്ധതികളാണ് കഴിഞ്ഞവർഷം ആവിഷ്‍കരിച്ച് നടപ്പാക്കിയത്.
ജില്ലയിലെ 71 പഞ്ചായത്തുകളിലെയും ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർഥികൾക്ക് ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കോളർഷിപ് നൽകുന്നുണ്ട്. രാമന്തളി, ഇരിക്കൂർ, കരിവെള്ളൂർ -പെരളം എന്നീ പഞ്ചായത്തുകൾക്ക് ബഡ്സ് റീഹാബിലിറ്റേഷൻ കേന്ദ്രങ്ങളുടെ നിർമാണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ധനസഹായം നൽകി.
എസ്.എം.എ ബാധിച്ച കുട്ടികൾക്കുള്ള അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഇലക്ട്രോണിക് വീൽചെയർ വിതരണം അവാർഡ് പരിഗണിക്കുന്നതിൽ മുഖ്യഘടകമായി. ഓരോ കുട്ടിക്കും ആവശ്യമായ തരത്തിൽ പ്രത്യേകം രൂപകൽപന ചെയ്താണ് ഇലക്ട്രോണിക് വീൽചെയറുകൾ നൽകിയത്. ജില്ല പഞ്ചായത്തിന് കീഴിൽ തോട്ടടയിൽ പ്രവർത്തിക്കുന്ന ബ്ലൈൻഡ് റീഹാബിലിറ്റേഷൻ കേന്ദ്രം സാമൂഹികനീതി വകുപ്പ് അധികൃതർ സന്ദർശിക്കുകയും പ്രവൃത്തി വിലയിരുത്തുകയും ചെയ്തിരുന്നു.
കിടപ്പുരോഗികൾ, അംഗപരിമിതർ എന്നിവർക്ക് വീട്ടിലെത്തി കോവിഡ് വാക്സിൻ നൽകാൻ രണ്ട് മൊബൈൽ വാക്സിൻ യൂനിറ്റ് സജ്ജമാക്കിയ ജില്ല പഞ്ചായത്തിന്റെ പ്രവൃത്തിയും അവാർഡ് നിർണയ കമ്മിറ്റി എടുത്തുക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.