കണ്ണൂർ: അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും ജോലിയിടങ്ങളിലും എക്സൈസ് പരിശോധന. ആലുവയിൽ ബിഹാർ സ്വദേശിയുടെ മകൾ കൊല്ലപ്പെട്ട സാഹചര്യത്തിലും അതിഥി തൊഴിലാളികളിൽ ലഹരികടത്തും ഉപയോഗവും വ്യാപകമാണെന്ന പരാതികളെ തുടർന്നുമാണ് പരിശോധന.
ജില്ലയിൽ 12 റേഞ്ച് പരിധികളിലും പരിശോധന നടത്തി. റേഞ്ച്, സർക്കിൾ ഇൻസ്പെക്ടർമാരുടെയും റൂറൽ പൊലീസിന്റെയും നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ എട്ടിന് തുടങ്ങിയ പരിശോധന രാത്രിവരെ നീണ്ടു.
നാട്ടിൽപോയി മടങ്ങിവരുമ്പോൾ അതിഥി തൊഴിലാളികൾ കഞ്ചാവും പുകയില ഉൽപന്നങ്ങളും അടക്കമുള്ള ലഹരി വസ്തുക്കൾ കടത്തിക്കൊണ്ടുവരുന്നതായി എക്സൈസിന് വിവരമുണ്ട്. ഇത് സംബന്ധിച്ച് നിരവധി പരാതികളും ലഭിച്ചു. ഇതിനെ തുടർന്നാണ് പരിശോധന നടത്തിയത്. നിരവധി പേരിൽനിന്ന് നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്ത എക്സൈസ് കേസെടുത്തു.
തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സുകളിലും ലോഡ്ജുകളിലും വീടുകളിലും തൊഴിൽ സ്ഥലങ്ങളിലും എക്സൈസ് സംഘമെത്തി.
ബംഗ്ലാദേശിൽനിന്ന് കുടിയേറിയവരാണ് ലഹരിക്കടത്തിൽ പ്രധാനമായും ഉൾപ്പെടുന്നതെന്ന് എക്സൈസ് സംഘം പറഞ്ഞു. ഝാർഖണ്ഡ്, ബിഹാർ, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽനിന്ന് വരുന്നവരാണ് ലഹരികടത്ത് നടത്തുന്നത്.
നാട്ടിൽപോയി വരുമ്പോൾ വസ്ത്രക്കെട്ടുകൾക്കിടയിലും പണിയായുധങ്ങളിലും ഒളിപ്പിച്ച് കൊണ്ടുവരുന്ന ലഹരി വസ്തുക്കൾ തൊഴിലാളികൾക്കിടയിൽ വിൽപന നടത്തുന്നുണ്ട്.
അതിഥി തൊഴിലാളികളുടെ ഇടങ്ങളിൽ കാര്യമായ പരിശോധനകളൊന്നും നടക്കാത്തതിനാൽ പിടിയിലാവുന്നത് വല്ലപ്പോഴുമാണ്. ലഹരി ഉപയോഗിച്ച് തൊഴിലാളി സംഘങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ പഴയങ്ങാടിയിലും കണ്ണൂരും പതിവാണ്.
കഴിഞ്ഞദിവസം പഴയങ്ങാടി പുതിയങ്ങാടിയിൽ മൂന്നുപേരിൽനിന്ന് 300 ഗ്രാം കഞ്ചാവ് പൊലീസ് പിടികൂടി. പുതിയ വളപ്പിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികളായ ദുശ്ശാസൻ ബഹറ, സാന്ദ്ര ബഹറ, നിരഞ്ജൻ നായ്ക് എന്നിവരിൽനിന്നാണ് കഞ്ചാവ് പിടികൂടിയത്. അതിഥി തൊഴിലാളികൾക്കിടയിൽ കഞ്ചാവ് ഉപയോഗം വ്യാപകമാണെന്ന പരാതിയിൽ പഴയങ്ങാടി പൊലീസാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.