പേരാവൂർ: കാർഷികമേഖലയിൽ വീണ്ടും വിലയിടിവിന്റെ കാലം. റബർ, തേങ്ങ വിലകൾ കൂപ്പുകുത്തി. 190 രൂപ വരെയെത്തിയ റബർവില പടിപടിയായി കുറഞ്ഞ് 157 രൂപയിലെത്തി. ഇതോടെ മലയോരത്തെ കർഷകർ വൻ പ്രതിസന്ധിയിലായി. ഉൽപാദനത്തകർച്ചയും രോഗബാധയും കർഷകനെ വലക്കുന്നതിന് പുറമെയാണ് വിലയിടിവ് പ്രഹരമായത്. ടാപ്പിങ് കൂലിയും അസംസ്കൃത വസ്തുക്കളുടെ വിലയുമൊക്കെ വലിയ തോതിൽ വർധിച്ചിരുന്നു. നീണ്ട മഴക്കാലം മൂലം ടാപ്പിങ് തുടങ്ങിയത് ഡിസംബറിലാണ്. ഫംഗസ്ബാധമൂലം ഇലകൾ പൂർണമായി കൊഴിഞ്ഞതിനാൽ പാലുൽപാദനം പകുതിയായി. കനത്ത ചൂടും എത്തിയതോടെ ഉൽപാദനം ഇനിയും കുറയാനാണ് സാധ്യത. തൊഴിലാളിക്ഷാമവും വിലയിടിവും കാലാവസ്ഥ വ്യതിയാനവും ഒക്കെയായതോടെ മലയോരമേഖലയിലെ ഒട്ടുമിക്ക തോട്ടങ്ങളും തെളിക്കാതെ കിടക്കുകയാണ്.
റബറിന്റെ താങ്ങുവില 170 രൂപയാക്കി വർധിപ്പിച്ച് കഴിഞ്ഞ ഫെബ്രുവരിയിൽ ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. കർഷകർക്ക് ന്യായവില ഉറപ്പാക്കാൻ റബർ പ്രൊഡക്ഷൻസ് ഇൻസെന്റീവ് സ്കീം പ്രകാരം താങ്ങുവില വർധിപ്പിക്കുമെന്നായിരുന്നു ബജറ്റിലെ നിർദേശം. 500 കോടി രൂപ ഇതിനായി മാറ്റിവെക്കുകയും ചെയ്തു. 2021 ഏപ്രിൽ ഒന്നുമുതൽ പുതിയ വില ബാധകമാണ്. എന്നാൽ, 170 രൂപക്ക് മുകളിൽ വില ലഭിച്ചതിനാൽ ഒരു കർഷകനുപോലും ഇതുവരെ ഈ ആനുകൂല്യം ലഭിച്ചില്ല. പ്രതിസന്ധിമൂലം കൃഷിവരെ ഉപേക്ഷിച്ച റബർ കർഷകർക്ക് വലിയ ആശ്വാസമായാണ് താങ്ങുവില വർധന ഉത്തരവ് അനുഭവപ്പെട്ടത്. താങ്ങുവില 200 രൂപയാക്കണമെന്നും ആവശ്യമുണ്ട്. വില കുത്തനെ ഇടിഞ്ഞ സ്ഥിതിക്ക് താങ്ങുവില ലഭ്യമാക്കാനുള്ള നടപടി വേണമെന്ന ആവശ്യത്തിലാണ് കർഷകർ. എന്നാൽ, താങ്ങുവില 170 രൂപയാക്കി വർധിപ്പിച്ചതിന്റെ ആനുകൂല്യം ലഭിക്കാൻ കർഷകർ അപേക്ഷ നൽകണമെന്ന് റബർ കർഷകസംഘം ഭാരവാഹികൾ അറിയിച്ചു.
പച്ചത്തേങ്ങക്ക് 36 രൂപ ശരാശരി വില ലഭിച്ചിരുന്നതാണ് കുത്തനെ കുറഞ്ഞത്. നിലവിൽ 28 രൂപയാണ് വില. ഒരുവേള 40 രൂപയായും തേങ്ങവില ഉയർന്നിരുന്നു.
കുരുമുളക് വിലയും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ക്വിൻറലിന് 55,000 രൂപ വരെ ലഭിച്ചതാണ്. ഇപ്പോൾ 47,000 രൂപയായി കുറഞ്ഞു.
കുരുമുളകിന്റെ വിളവെടുപ്പ് കാലമാണ് ഡിസംബർ, ജനുവരി മാസങ്ങൾ. നീണ്ട മഴ കുരുമുളകിന് വിനയായി മാറി. സീസണായിട്ടും പേരിനുപോലും കുരുമുളക് ലഭിക്കാനില്ലെന്ന് കർഷകർ പറയുന്നു. മറ്റു കാർഷികവിളകളുടെ കാര്യവും വ്യത്യസ്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.