കണ്ണൂർ: ഭക്ഷ്യവിഷബാധയേറ്റ് ആളുകൾ മരിക്കുമ്പോൾ മാത്രം ഉയിർത്തെഴുന്നേൽക്കുന്നവരെന്ന പഴി കേൾക്കുന്ന ഭക്ഷ്യസുരക്ഷ വകുപ്പിന് പിഴക്കപ്പുറം പോകാൻ താൽപര്യക്കുറവ്. ഹോട്ടലുകളിലെ വൃത്തിഹീന സാഹചര്യവും മറ്റ് നിയമലംഘനങ്ങളും പരിശോധിച്ച് പിഴയിടുന്നതിൽ ഒതുക്കുകയാണ് മിക്ക പരിശോധനയും.
ക്രിമിനൽ കുറ്റമായ മായം ചേർക്കൽ പോലുള്ളവ തെളിയിക്കാൻ ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിക്കാറേയില്ല. സാമ്പിൾ എടുത്ത് പരിശോധനക്ക് അയച്ച് ഫലം വന്നശേഷമേ ഇത്തരം കാര്യങ്ങൾ ചെയ്യാൻ കഴിയൂവെന്നതിൽ എല്ലാം പിഴയിൽ ഒതുക്കുകയാണ് പതിവ്.
മലബാറിൽ കാസർകോട് മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽനിന്ന് പിടികൂടുന്ന സാമ്പിളുകൾ കോഴിക്കോട്ടെ റീജനൽ ലാബിലേക്കാണ് പരിശോധനക്ക് അയക്കുന്നത്. സാധാരണഗതിയിൽ രണ്ടാഴ്ചയാണ് ഫലം ലഭിക്കാൻ കാത്തിരിക്കേണ്ടത്. ഫലം സ്ഥാപനങ്ങൾക്കെതിരാണെങ്കിൽ വിദഗ്ധ അഭിപ്രായമെന്ന നിലക്ക് ചെന്നൈയിലെ ലാബിൽ പരിശോധനക്ക് അയക്കാനുള്ള അവസരമുണ്ട്.
മിക്ക സ്ഥാപനങ്ങളും അതിന് സന്നദ്ധമാവുന്നതിനാൽ നിശ്ചിത ഫീസ് ഈടാക്കി അതിനുള്ള സൗകര്യവും ഭക്ഷ്യസുരക്ഷ വകുപ്പ് ചെയ്യണം. ഒരുമാസം വരെയാണ് ഫലം വരാൻ കാത്തിരിക്കേണ്ടത്. ഈ ലാബിലെ റിപ്പോർട്ട് സ്ഥാപനങ്ങൾക്ക് അനുകൂലമാണെങ്കിൽ ആദ്യ റിപ്പോർട്ട് അപ്രസക്തമാവുകയും ചെയ്യും. എല്ലാ ഫലവും അനുകൂലമാണെങ്കിൽ മാത്രമാണ് സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടികൾ എടുക്കാൻ കഴിയൂ എന്നതിനാൽ ‘റിസ്ക്’ എടുക്കാൻ ഉദ്യോഗസ്ഥർ അധികം ശ്രമിക്കാറില്ല.
ഭക്ഷണശാലകളിൽ ആര് പരിശോധിക്കണം, അതോറിറ്റി ആര് എന്നതിനെക്കുറിച്ചുള്ള അവകാശത്തർക്കവും ഈ മേഖലയിലുണ്ട്. കോർപറേഷൻ-നഗരസഭ ആരോഗ്യവിഭാഗവും ഭക്ഷ്യ സുരക്ഷ വകുപ്പും തമ്മിലാണ് ഈ തർക്കം.
നഗരസഭ ആരോഗ്യ വിഭാഗം നടത്തുന്ന കട പരിശോധനയും പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുക്കലുമെല്ലാം ഭക്ഷ്യസുരക്ഷ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് അത്ര രസിക്കാറില്ല. അതിനുള്ള അധികാരം തങ്ങൾക്ക് മാത്രമാണെന്ന ചിന്തയാണ് ഇതിനു കാരണം. സ്ഥാപനങ്ങളെ ഉപയോഗിച്ച് നഗരസഭ ആരോഗ്യ വിഭാഗത്തെ നേരിടാൻവരെ ചില ഉദ്യോഗസ്ഥർ ശ്രമിക്കാറുണ്ട്.
അതത് ജില്ലകളിലെ ഭക്ഷ്യസുരക്ഷ വകുപ്പ് അസി. കമീഷണറുടെ നേതൃത്വത്തിലാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധനകൾ. കടകളിലെ വൃത്തിഹീന സാഹചര്യങ്ങൾ കണ്ടാൽ പിഴ നോട്ടീസ് നൽകുക, മെച്ചപ്പെടുത്തുന്നതിന് നോട്ടീസ് നൽകുക, ലൈസൻസില്ലെങ്കിൽ പുതുക്കുന്നതുവരെ അടച്ചിടുക തുടങ്ങിയ കാര്യങ്ങളാണ് ഇവർ സാധാരണ ഗതിയിൽ ചെയ്യുന്നത്. അപൂർവമായി സാമ്പിളുകളും പരിശോധനക്ക് എടുക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.