കണ്ണൂർ: പ്ലസ്വൺ സീറ്റിലെ കുറവ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് നടത്തിയ റോഡ് ഉപരോധ സമരത്തിൽ നേതാക്കളെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. കണ്ണൂർ കാൽടെക്സ് ജംങ്ഷനിലാണ് ഉപരോധ സമരം സംഘടിപ്പിച്ചത്. മലബാറിനോടുള്ള വിദ്യാഭ്യാസ അവഗണന അവസാനിപ്പിക്കുക, മുഴുവൻ വിദ്യാർഥികൾക്കും സീറ്റ് ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
സമരത്തിനിടെ പൊലീസെത്തി നേതാക്കളെ റോഡിൽ നിന്ന് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പ്ലസ് വൺ സീറ്റ് രണ്ടാം അലോട്ട്മെൻറ് കഴിഞ്ഞിട്ടും ജില്ലയിൽ 12,000ത്തോളം വിദ്യാർഥികൾ പുറത്താണെന്ന് നേതാക്കൾ ആരോപിച്ചു. പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ജില്ലാ പ്രസിഡൻറ് ലുബൈബ് ബഷീർ, ജില്ല സമിതി അംഗങ്ങാളായ ഷബീർ എടക്കാട്, നിദാൽ സിറാജ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ തജ്‌സിർ എടക്കാട്, ഫർഹാൻ ഉളിയിൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.
കള്ളക്കണക്കുകളും വാഗ്ദാനങ്ങളും മാത്രം ജനങ്ങളുടെ മുന്നിൽ നിരത്തുന്ന സർക്കാറിനെതിരെ തെരുവുകൾ സ്തംഭിപ്പിച്ച് നീതി ലഭ്യമാക്കും വരെ പ്രക്ഷോഭ സമരങ്ങളുമായി പോവുമെന്ന് ജില്ല പ്രസിഡന്‍റ് ലുബൈബ് ബഷീർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.