കണ്ണൂർ: ടെലിഗ്രാമിൽ പാർട്ട് ടൈം ജോലി ചെയ്യുന്നതിനുള്ള സന്ദേശം കണ്ട് വിവിധ ടാസ്കുകൾ ചെയ്യുന്നതിനായി പണം നിക്ഷേപിച്ചയാൾക്ക് 97,000 രൂപ നഷ്ടമായി. നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ നൽകാതെ ചതിക്കുകയായിരുന്നു. സമാന രീതിയിൽ ഇൻസ്റ്റഗ്രാമിൽ മെസേജ് കണ്ട് പണം നിക്ഷേപിച്ചയാൾക്കും 10,000 രൂപ നഷ്ടമായി.
മറ്റൊരു സംഭവത്തിൽ ടെലഗ്രാമിൽ ബിറ്റ് കോയിൻ ട്രേഡിങ് ചെയ്യുന്നതിനുള്ള മെസേജ് കണ്ട് പണം കൈമറിയാൾക്ക് 39,460 രൂപ നഷ്ടപ്പെട്ടു. കൈമാറിയ പണമോ വാഗ്ദാനം ചെയ്ത ലാഭമോ നൽകാതെ വന്നതോടെ പരാതി നൽകുകയായിരുന്നു. ഒ.എൽ.എക്സിൽ ജോലി ലഭിക്കുമെന്നുള്ള പരസ്യം കണ്ട് ബംഗളൂരുവിൽ പോയി ഇന്റർവ്യൂ അറ്റെൻഡ് ചെയ്തയാൾ തട്ടിപ്പിനിരയായി.
സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നുപറഞ്ഞ് പണം വാങ്ങി പരാതിക്കാരന് നാളിതുവരെയായി ജോലിയോ നൽകിയ തുകയോ തിരികെ നൽകിയില്ല. ഇതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. സെക്യൂരിറ്റി ഡെപ്പോസിറ്റെന്ന് പറഞ്ഞ് 4,500 രൂപയാണ് പരാതിക്കാരനിൽനിന്ന് കൈക്കലാക്കിയത്.
തുടക്കത്തിൽ ലാഭത്തോടുകൂടി പണം തിരികെ ലഭിക്കുമെങ്കിലും പിന്നീട് കൂടുതൽ പണം ആവശ്യപ്പെട്ട് പല കാരണങ്ങൾ പറഞ്ഞ് കൈപ്പറ്റുകയും പിന്നീട് പണം തിരികെ നൽകാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. പാർട്ട് ടൈം ജോലി എന്ന പേരിൽ തുടക്കത്തിൽ പണം ലാഭത്തോടുകൂടി തിരികെ ലഭിക്കുന്നത് കൊണ്ട് പലരും ഇതിൽ വിശ്വസിച്ച് തട്ടിപ്പുകാർ ചോദിക്കുന്ന പണം നൽകുന്നു.
പിന്നീട് നല്ലൊരു തുക തട്ടിപ്പുകാരുടെ കൈകളിലെത്തി പണം തിരികെ ലഭിക്കാതാകുമ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലാകുന്നത്. ഇത്തരത്തിൽ നിരവധി പേർക്കാണ് പണം നഷ്ടമായിട്ടുള്ളത്. ഇൻസ്റ്റഗ്രാം, ടെലിഗ്രാം, ഫേസ്ബുക്, വാട്സ്ആപ് തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് സൈബർ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.