കണ്ണൂർ: സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഇനി പെൺകുട്ടികൾക്കും പഠിക്കാം. സ്കൂൾ മിക്സഡാക്കാൻ മാനേജ്മെന്റും പി.ടി.എയും സമർപ്പിച്ച അപേക്ഷ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച് ഉത്തരവിറക്കി.
അടുത്ത അധ്യയനവർഷം മുതൽ ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരുന്ന് പഠിക്കും. 1865 ൽ സ്ഥാപിതമായ സ്കൂളിന് മിക്സഡ് പദവി ലഭിക്കുന്നതോടെ പുതുചരിത്രം പിറക്കുകയാണ്. ജില്ലയിലെ തന്നെ ഏറ്റവും പഴക്കമുള്ള സ്കൂളുകളിൽ ഒന്നായ സെന്റ് മൈക്കിൾസിൽ പ്ലസ് വണ്ണിലും ഒന്നാംക്ലാസിലുമാണ് ആദ്യ ഘട്ടം പെൺകുട്ടികൾക്ക് പ്രവേശനം നൽകുക. ഈശോ സഭയുടെ (ജസ്യൂട്സ്) നിയന്ത്രണത്തിലാണ് സ്കൂൾ.
1850കളിൽ ഹോളി ട്രിനിറ്റി ചർച്ചിനോട് ചേർന്ന് ബർണശ്ശേരിയിൽ റോമൻ കാത്തലിക് മലയാളം മീഡിയം സ്കൂളായാണ് തുടക്കം. 1864ഓടെ ഇംഗ്ലീഷ് സ്കൂളായി. 1887ൽ ഈശോസഭാ വൈദികർക്ക് സ്കൂൾ കൈമാറി. കേരളത്തിൽ അഞ്ച് സ്കൂളുകളും രണ്ടു വീതം ടെക്നിക്കൽ സ്കൂളുകളും കോളജുകളും ഈശോസഭയുടേതായുണ്ട്. സ്കൂളിന്റെ 159-ാം വാർഷികം ശനിയാഴ്ച ആഘോഷിക്കാനിരിക്കെയാണ് മിക്സഡ് പ്രഖ്യാപനം വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.