ഭാരവാഹന പരിശോധന: 17.12 ലക്ഷം പിഴ ഈടാക്കി

കണ്ണൂർ: ജില്ലയിൽ ഭാരവാഹന പരിശോധന ശക്തമാക്കിയതോടെ നാലു മാസത്തിനിടെ പിഴയായി ഈടാക്കിയത് 17,12,700 രൂപ. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കണക്കാണിത്. ആകെ 6234 ഭാരവാഹനങ്ങളാണ് പരിശോധിച്ചത്. ഇതിൽ 5142 വാഹനങ്ങൾക്ക് പിഴ ഈടാക്കി.

ജൂണിൽ 1325 വാഹനങ്ങളിൽ നിന്നായി 4,98,250 രൂപയും ജൂലൈയിൽ 1293 വാഹനങ്ങളിൽ നിന്നായി 4,07,000 രൂപയും ആഗസ്റ്റിൽ 1398 വാഹനങ്ങളിൽ നിന്ന് 4,27,300 രൂപയും സെപ്റ്റംബറിൽ 1126 വാഹനങ്ങളിൽ നിന്ന് 3,80,150 രൂപയുമാണ് പിഴയായി ഈടാക്കിയത്.

ആറുചക്രവാഹനങ്ങൾക്ക് 18 ടണും പത്തുചക്രവാഹനങ്ങൾക്ക് 28 ടണുമാണ് വാഹനത്തിന്റെ ഭാരമടക്കം അനുവദനീയമായത്. അമിതഭാരത്തിന് ചുരുങ്ങിയത് 2,000 രൂപയും ഓരോ ടണിനും ആയിരം രൂപയുമാണ് പിഴ.

മോട്ടോർ വാഹന ജനറൽ നിയമം പ്രകാരം 500 രൂപയും റോഡ് നിയന്ത്രണം ലംഘിക്കുന്ന വാഹനങ്ങൾക്ക് 500 രൂപയും അധികാരികളുടെ ഉത്തരവുകളുടെ അനുസരണക്കേട് വകുപ്പ് പ്രകാരം 2000 രൂപയും പൊതുസ്ഥലത്ത് അപകടകരമാം വിധത്തിലോ മറ്റുള്ളവർക്ക് അസൗകര്യമുണ്ടാക്കുന്ന വിധത്തിലോ വാഹനം നിർത്തിയിടുന്നത് തടയുന്ന വകുപ്പ് പ്രകാരം 250 രൂപയുമാണ് പിഴ ഈടാക്കുന്നത്.

നിലവിൽ രാവിലെ എട്ടു മുതൽ 9.30 വരെയും വൈകീട്ട് മൂന്നു മുതൽ 4.30 വരെയുമാണ് ഭാരവാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണമുള്ളത്. ഈ സമയത്ത് വഴി തിരിച്ചുവിടാൻ സാധിക്കുന്ന ഇടങ്ങളിൽ ഭാരവാഹനങ്ങളെ വഴിതിരിച്ചുവിടുകയും അല്ലാത്തിടങ്ങളിൽ പിടിച്ചിടുകയുമാണ് ചെയ്യുന്നത്.

മിനി ലോറി, ടിപ്പർ ലോറി തുടങ്ങിയ ചരക്ക് വണ്ടികളാണ് കൂടുതലായും പിടിച്ചത്. പരിശോധന ശക്തമാക്കിയ നടപടിയിലൂടെ നഗരത്തിൽ ഗതാഗതക്കുരുക്ക് കുറക്കാൻ സാധിക്കുന്നുണ്ടെന്ന് കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ പറഞ്ഞു.

Tags:    
News Summary - heavy vehicles inspection-fined

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.