കണ്ണൂർ: അന്തരിച്ച കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയുടെ കുടുംബത്തിന് ജില്ല കോൺഗ്രസ് കമ്മിറ്റി മുൻകൈയെടുത്ത് നിർമിക്കുന്ന സ്നേഹസൗധം ഒരുങ്ങി. വീട് നിർമാണത്തിനായി സതീശൻ പാച്ചേനി വിലക്കെടുത്തിരുന്ന പരിയാരത്തിനടുത്ത് അമ്മാനപ്പാറയിലാണ് 3,000ത്തോളം സ്ക്വയർഫീറ്റ് വിസ്തീർണത്തിൽ വീട് നിർമാണം പൂർത്തീകരിച്ചത്. കോൺഗ്രസ് പ്രവർത്തകരും നേതാക്കളും കെ.എസ്.എസ്.പി.എ ഉൾപ്പെടെ സർവിസ് സംഘടനകളും പ്രവാസികളും ഉദ്യമത്തിന് കൈത്താങ്ങ് പകർന്നു. 85 ലക്ഷം രൂപയിലധികം ചെലവിലാണ് നിർമാണം പൂർത്തിയാക്കിയത്.
മുൻ ഡി.സി.സി പ്രസിഡന്റും കണ്ണൂരിലെ കോൺഗ്രസിന്റെ ജനകീയ മുഖവുമായിരുന്ന സതീശൻ പാച്ചേനി തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് 2022 ഒക്ടോബർ 27നാണ് മരിച്ചത്. നാല് പതിറ്റാണ്ടായി പൊതുരംഗത്ത് പ്രവര്‍ത്തിച്ച പാച്ചേനിക്ക് സ്വന്തമായി ഒരു വീട് വെക്കാന്പോലും സാധിച്ചിരുന്നില്ല. അതിനായി സൂക്ഷിച്ച പണം കണ്ണൂർ ഡി.ഡി.സി ഓഫിസ് കെട്ടിട നിർമാണത്തിന് ചെലവാക്കിയിരുന്നു. ഇത് പിന്നീട് പാർട്ടി തിരികെ നൽകി.
വാടക വീട്ടിലായിരുന്നു ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പം അദ്ദേഹം കഴിഞ്ഞിരുന്നത്. പയ്യാമ്പലത്ത് ഭൗതിക ദേഹം സംസ്കരിച്ച ശേഷം ചേർന്ന സർവകക്ഷി അനുശോചന യോഗത്തിലാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ സതീശൻ പാച്ചേനിയുടെ കുടുംബത്തിന് വീട് നിർമിച്ചു നൽകുമെന്ന് പ്രഖ്യാപിച്ചത്. ഡി.സി.സി പ്രസിഡമന്റ് മാർട്ടിൻ ജോർജ്, വി.എ. നാരായണൻ, മുൻ മേയർ ടി.ഒ. മോഹനൻ, കെ. പ്രമോദ്, ചന്ദ്രൻ തില്ലങ്കേരി, കെ.സി. മുഹമ്മദ് ഫൈസൽ, രാജീവൻ എളയാവൂർ, ഇ.ടി. രാജീവൻ, കെ. സജീവൻ എന്നിവരടങ്ങിയ കമ്മിറ്റിയാണ് തുടർപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. കരാറുകാരൻ കൂടിയായ ഡി.സി.സി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് നിർമാണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു. ബുധനാഴ്ച രാവിലെ 9.30ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി സ്നേഹ വീടിന്റെ താക്കോൽ കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.