ഇരിട്ടി: പടിയൂർ പഞ്ചായത്തിലെ ആര്യങ്കോട് നിര്‍മാണം ആരംഭിച്ച റോഡ് പാതിവഴിയില്‍ അവസാനിപ്പിച്ചതോടെ ദുരുതത്തിലായത് ഒരുപറ്റം ഗ്രാമവാസികൾ. കരാറുകാരെൻറ അനാസ്ഥമൂലം പ്രവൃത്തി നിലച്ചതോടെ പടിയൂര്‍ ആര്യങ്കോട് മേഖലയിലെ നിരവധി ആളുകളാണ് ആശുപത്രി ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ യാത്രാസൗകര്യമില്ലാതെ വീര്‍പ്പുമുട്ടുന്നത്.
പ്രായമായവരും രോഗികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ താമസിക്കുന്ന ആര്യങ്കോട് മേഖലയില്‍ പുതിയ റോഡിനായി നാട്ടുകാര്‍ ഏറെ മുറവിളി കൂട്ടിയിരുന്നു. സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കി ജനുവരിയിലാണ് റോഡ് നിര്‍മാണം ആരംഭിച്ചത്. വലിയ കുന്നുകളും ഉള്‍പ്രദേശവുമായ ഇവിടെ കോണ്‍ക്രീറ്റ് റോഡ് നിര്‍മിക്കാനാണ് തുക വകയിരുത്തിയിട്ടുള്ളത്.
ആര്യങ്കോട് കോളനിവരെ ഇൻറര്‍ലോക്ക് കട്ടകള്‍ക്കൊണ്ട് റോഡ് സുന്ദരമാക്കിയിട്ടുണ്ടെങ്കിലും തുടര്‍ന്നുള്ള റോഡ് പേരിന് മാത്രമാണ്. കാലവര്‍ഷം തുടങ്ങിയതോടെ റോഡിന് നടുവില്‍ ഓവുചാലുകള്‍ രൂപപ്പെട്ടു. മേല്‍മണ്ണ് മുഴുവന്‍ താഴ്ഭാഗത്തേക്ക് ഒലിച്ചിറങ്ങിയതോടെ ചളിയും രൂപപ്പെട്ടു. ഓട്ടോറിക്ഷകള്‍ പോലും ഒാടാതായതോടെ പ്രദേശവാസികള്‍ക്ക് ആശുപത്രിയില്‍ പോകണമെങ്കില്‍ ദീര്‍ഘദൂരം നടക്കേണ്ട അവസ്ഥയാണ്. അധികൃതർ ഉടൻ റോഡ് നിർമിക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.