ഇരിട്ടി: സുഭിക്ഷ കേരളം പദ്ധതിയിൽ സഹകരണബാങ്ക് നടത്തിയ മരച്ചീനി കൃഷിയിൽ നൂറുമേനി വിളവ്. വിളവെടുത്ത കപ്പ കോവിഡ് ദുരിതബാധിതർക്ക് സൗജന്യമായി നൽകി കിളിയന്തറ സർവിസ് സഹകരണ ബാങ്ക് മാതൃകയായി. ബാങ്കിെൻറ നേതൃത്വത്തിൽ കഴിഞ്ഞ കോവിഡ് കാലത്ത് സ്വകാര്യ വ്യക്തിയുടെ രണ്ടേക്കർ സ്ഥലത്താണ് മരച്ചീനി കൃഷി ചെയ്തത്.
കഴിഞ്ഞ മാസം ആദ്യഘട്ടത്തിൽ ആയിരം ചുവട് കപ്പ വാട്ടി ന്യായവിലക്ക് പ്രദേശത്തുകാർക്ക് വിതരണം ചെയ്തിരുന്നു. രണ്ടാംഘട്ട വിളവെടുപ്പ് ആലോചിക്കുമ്പോഴാണ് കോവിഡിെൻറ രണ്ടാംവരവ്. അതോടെ ബാങ്ക് ഭരണസമിതി യോഗം ചേർന്ന് പായം പഞ്ചായത്തിലെ ദുരിതമനുഭവിക്കുന്നവർക്കും കോവിഡ് രോഗികളുടെ കുടുംബങ്ങൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും സൗജന്യമായി കപ്പ നൽകാൻ തീരുമാനിച്ചു.
ഭരണസമിതിയുടെ തീരുമാനം പഞ്ചായത്ത് ഭരണസമിതിയെ അറിയിച്ചു. എല്ലാവിധ പിന്തുണയുമായി പഞ്ചായത്ത് അധികൃതരുമെത്തി. പഞ്ചായത്തിലെ 18 വാർഡുകളിലും കപ്പ വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ് ബാങ്ക് അധികൃതർ. ഒരോ വാർഡിലെയും കോവിഡ് രോഗികളായവർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും ലോക്ഡൗൺ കാരണം ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കും അഞ്ചുകിലോ വെച്ചാണ് നൽകിയത്. ഇതുപ്രകാരം പഞ്ചായത്തിലെ ആയിരം കുടുംബങ്ങൾക്ക് 5,000 കിലോ കപ്പ വീടുകളിൽ എത്തിച്ചു. സന്നദ്ധ പ്രവർത്തകരും പഞ്ചായത്ത് അംഗങ്ങളും ബാങ്ക് അധികൃതരും കൂടിയാണ് ഇതിന് മേൽനോട്ടം വഹിച്ചത്.
സഹകരണ വകുപ്പ് ഇരിട്ടി അസി. രജിസ്ട്രാർ കെ. പ്രദോഷ് കുമാർ, പായം പഞ്ചായത്ത് പ്രസിഡൻറ് പി. രജനിക്ക് കപ്പ കൈമാറി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് എൻ.എം. രമേശൻ അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി എൻ. അശോകൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ഹമീദ്, പഞ്ചായത്തംഗം അനിൽ എം. കൃഷ്ണൻ, ബാങ്ക് മാനേജർ വി.പി. മധു തുടങ്ങിയവർ സംബന്ധിച്ചു. ഇക്കുറിയും ചേന, ചേമ്പ് ഉൾപ്പെടെ കൃഷി ചെയ്യാനാണ് ബാങ്ക് അധികൃതർ ആലോചിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.