ഇരിട്ടി: ബാരാപോൾ മിനി ജലവൈദ്യുതി പദ്ധതിപ്രദേശത്ത് പ്രകൃതിക്ഷോഭം മൂലമുള്ള മലവെള്ളപ്പാച്ചിൽ പ്രതിരോധിക്കാൻ കനാലിൽ ഷട്ടർ സ്ഥാപിക്കുന്നത് ഉൾപ്പെടെ സംരക്ഷണപ്രവൃത്തികൾ ആരംഭിച്ചു. വെള്ളപ്പൊക്കത്തിൽ ജലവൈദ്യുതി പദ്ധതിയുടെ കനാലിൽ കൂടി കൂറ്റൻ തടികളും മറ്റ് മാലിന്യങ്ങളും ഒഴുകി വ്യാപക നാശനഷ്ടം സംഭവിച്ചിരുന്നു. ഫോർബെ ടാങ്കും പവർഹൗസും ഉൾപ്പെടെ പ്രതിസന്ധിയിലാകുന്ന സാഹചര്യവും ഉണ്ടായി.
കനാലിന്റെ തുടക്കത്തിൽ ഡീസിൽറ്റിങ് ടാങ്ക് 70 ലക്ഷം രൂപ ചെലവിൽ ഷട്ടർ സ്ഥാപിക്കാൻ പണികൾ തുടങ്ങി. അഞ്ചു മീറ്റർ ഉയരത്തിൽ ഇരുമ്പിലുള്ള ഷട്ടർ വൈദ്യുതിസഹായത്താൽ എളുപ്പം ഉയർത്താനും അടക്കാനും കഴിയുന്നതാണ്. ബാരാപ്പുഴയിൽനിന്ന് നീരൊഴുക്ക് തടസ്സപ്പെടാത്തവിധം വെള്ളം വഴിതിരിച്ച് കനാൽവഴി കൊണ്ടുവന്നാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. ഉരുൾപൊട്ടലോ മറ്റു കെടുതികളോ ഉണ്ടായി അമിതമായി വെള്ളം എത്തിയാൽ കനാലിനൂടെ ഒഴുകുന്നത് തടയുകയാണ് ലക്ഷ്യം. ഷട്ടർ സ്ഥാപിക്കുന്നതോടെ വെള്ളം തിരികെ പുഴയിലേക്കുതന്നെ തിരിച്ചുവിടാനാകും. കനാൽപ്രദേശത്തെ ജനങ്ങളും പവർഹൗസും ഉൾപ്പെടെ മലവെള്ളം ഒഴുകി അപകടാവസ്ഥയിലാകുന്ന ഭീഷണിയും ഒഴിവാകും.
കഴിഞ്ഞ വർഷവും കനാലിന് മുകളിലൂടെ പുഴ ഒഴുകി വ്യാപക നഷ്ടം ഉണ്ടായി. 300ഓളം സോളർ പാനലുകളും തകർന്നിരുന്നു. നേരത്തേ ചോർച്ച കണ്ടെത്തിയ മേഖലയിൽ ഐ.ഐ.ടി റൂർക്കി സംഘം നൽകിയ ശിപാർശപ്രകാരം 40 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. 25 സെന്റ് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പ്രവൃത്തികളും ഊർജിതമാണ്.
ഷട്ടർ സ്ഥാപിക്കുന്ന പ്രവർത്തി ഒരുമാസത്തിനകം പൂർത്തിയാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മഴക്കാലത്ത് മാത്രമാണ് ബാരാപ്പോളിൽ വൈദ്യുതി ഉൽപാദനം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സീസൺ അനുകൂലമായതിനാൽ 49.5 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനായി. പദ്ധതിയുടെ പ്രതിവർഷ ഉൽപാദനലക്ഷ്യം 36 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.