ഇരിട്ടി: ചക്കയുടെ അനന്തസാധ്യത എല്ലാവരിലേക്കും എത്തിക്കുന്നതോടൊപ്പം അവയെ ഭക്ഷ്യസുരക്ഷയുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ പാല ഗവ. ഹയര്‍സെക്കൻഡറി സ്‌കൂൾ സ്റ്റുഡൻസ് പൊലീസ് യൂനിറ്റിന്റെയും അമ്മക്കൂട്ടത്തിന്റെയും നേതൃത്വത്തിൽ ചക്കമഹോത്സവം സംഘടിപ്പിച്ചു. ഒരുകാലത്ത് അവഗണിക്കപ്പെട്ടുകിടന്ന ചക്ക ഇന്ന് തിരിച്ചുവരവിന്റെ പാതയിലാണ്.
ചക്കയെ സംസ്ഥാന ഫലമായി പ്രഖ്യാപിക്കുകകൂടി ചെയ്തതോടെ ചക്കക്കും ചക്ക ഉൽപന്നങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്. ചക്ക തോരന്‍, ചക്ക പുഴുക്ക്, ഇടിയന്‍ ചക്ക, ചക്കക്കുരു ചമ്മന്തി, ചക്കക്കുരു അച്ചാര്‍, ചക്കക്കുരു ചെമ്മീന്‍, ചക്ക വരട്ടിയത് തുടങ്ങിയവയെല്ലാം ഇന്ന് പ്രചാരത്തിലുണ്ട്. സ്‌കൂളില്‍ നടന്ന ചക്ക മഹോത്സവത്തില്‍ വിദ്യാര്‍ഥികള്‍ വീടുകളില്‍നിന്ന് തയാറാക്കി കൊണ്ടുവന്നതിൽ ചക്ക ബിരിയാണി, ചക്ക ഹൽവ, ചക്കപ്പൊരി, ചക്കപ്പായസം, ചക്ക ഉണ്ണിയപ്പം, ചക്കവട തുടങ്ങി നിരവധി വിഭവങ്ങളുണ്ടായിരുന്നു. മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.വി. വിനോദ് ഉദ്ഘാടനം ചെയ്തു. ജ്യോതിഷ്, എം.ആർ. മഞ്ജുഷ, മദർ പി.ടി.എ പ്രസിഡന്റ് രജനി, ലൗലി, ഷിജിന തുടങ്ങിയവർ നേതൃത്വം നൽകി.
പയ്യന്നൂർ: രാമന്തളി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓപൺ ഓഡിറ്റോറിയത്തിൽ ചക്ക ഫെസ്റ്റ് നടന്നു. ചക്ക ഫെസ്റ്റിന്റെയും പ്ലാസ്റ്റിക് ഫ്രീ കണ്ണൂരിന്റെ ഭാഗമായിട്ടുള്ള ബദൽ ഉൽപന്ന പ്രദർശനമേളയുടെയും ഉദ്ഘാടനം പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അപ്പുക്കുട്ടൻ നിർവഹിച്ചു. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഷൈമ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ എ.വി. സുനിത, കെ.പി. ദിനേശൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഗോവിന്ദൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ. വത്സല, ജനപ്രതിനിധികളായ കെ.സി. അബ്ദുൽ ഖാദർ, പി.പി. നാരായണി എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി. സന്തോഷ് സ്വാഗതവും സി.ഡി.എസ് ചെയർപേഴ്സൻ പി.പി. ഇന്ദിര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.