കോൺക്രീറ്റ് മിക്സർ ട്രക്ക് കത്തിനശിച്ച നിലയിൽ

ഇരിട്ടി: റോഡരികിൽ നിർത്തിയിട്ട മൊബൈൽ കോൺക്രീറ്റ് മിക്സർ ട്രക്ക് ദുരൂഹ സാഹചര്യത്തിൽ കത്തിനശിച്ച നിലയിൽ. നേരംപോക്ക്-എടക്കാനം റോഡിൽ വള്ളിയാട് വയലിനോട് ചേർന്ന് കോട്ടക്കുന്ന് കോളനിക്ക് മുൻവശം നിർത്തിയിട്ട കോൺക്രീറ്റ് മിക്സർ ട്രക്കാണ് കത്തിനശിച്ചത്. മാടത്തിൽ സ്വദേശി പി.പി. രജീഷിന്റെ ഉടമസ്ഥതയിലുള്ളതാണ് കോൺക്രീറ്റ് മിക്സർ.

ഞായറാഴ്ച പുലർച്ച രണ്ടോടെ തീ ആളിക്കത്തുന്നത് ശ്രദ്ധയിൽപെട്ട സമീപവാസികൾ അഗ്നിരക്ഷാസേനയെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. പ്രദേശത്ത് രാത്രിയിലും ഇടക്കിടെ ശക്തമായ മഴപെയ്തിരുന്നു. ഇതിനിടയിൽ വാഹനം കത്തിനശിച്ചതിന്റെ കാരണം ദുരൂഹമാണ്. ജനവാസമേഖലയും നിരന്തരം വാഹനങ്ങൾ കടന്നുപോകുന്ന റോഡുമാണിത്.

ഹൈടെൻഷൻ വൈദ്യുതി ലൈൻ കടന്നുപോകുന്ന വൈദ്യുതി പോസ്റ്റിനോട് ചേർന്നായിരുന്നു വാഹനം പാർക്ക് ചെയ്തിരുന്നത്. ഇതിന് 20 മീ. മാത്രം അകലത്തിലാണ് കോട്ടക്കുന്ന് ആദിവാസി കോളനിയിലെ വീടുകൾ സ്ഥിതിചെയ്യുന്നത്. തീയിൽ ഡീസൽ ടാങ്ക് പൊട്ടിത്തെറിച്ചിരുന്നെങ്കിൽ വലിയ ദുരന്തത്തിന് ഇടവരുത്തുമായിരുന്നു. മേഖലയിലെ ചില റോഡുകളുടെ കോൺക്രീറ്റ് ജോലിക്ക് കൊണ്ടുവന്നതായിരുന്നു ട്രക്ക്. കത്തിനശിച്ച മൊബൈൽ കോൺക്രീറ്റ് മിക്സിങ് ട്രക്കിന് 36 ലക്ഷം രൂപ വിലവരും. സംഭവത്തിൽ ദുരൂഹത ആരോപിച്ച് രജീഷ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Concrete mixer truck on fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.