ഇരിട്ടി: കോവിഡ് രോഗികൾ പെരുകുമ്പോഴും ആർ.ടി.പി.സി.ആർ പരിശോധന കേന്ദ്രങ്ങൾ പുനരാരംഭിക്കാതെ ആരോഗ്യ വകുപ്പ്. ഇരിട്ടി താലൂക്ക് ആശുപത്രി, കിളിയന്തറ ചെക്പോസ്റ്റ് എന്നിവിടങ്ങളിൽ സ്ഥിരം ആർ.ടി.പി.സി.ആർ പരിശോധന കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നു. മേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ സ്ഥിരമായി ആർ.ടി.പി.സി.ആർ ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു. രോഗ വ്യാപനത്തിൽ കുറവ് വന്നതോടെ മൂന്നുമാസം മുമ്പ് ഇരിട്ടി താലൂക്ക് ആശുപത്രിയിലെയും കിളിയന്തറ ചെക്പോസ്റ്റിലെയും പരിശോധന കേന്ദ്രങ്ങൾ പൂട്ടുകയായിരുന്നു.
കേരള - കർണാടക അതിർത്തിയെന്ന പരിഗണന നൽകി കിളിയന്തറയിലുള്ള ആർ.ടി.പി.സി.ആർ പരിശോധന കേന്ദ്രമെങ്കിലും നിലനിർത്തണമെന്ന് വിവിധ കേന്ദ്രങ്ങളിൽനിന്ന് ആവശ്യം ഉയർന്നെങ്കിലും ആരോഗ്യ വകുപ്പ് പരിഗണിച്ചില്ല. കേരളത്തിൽനിന്ന് കർണാടകയിലേക്കുപോകാൻ ആർ.ടി.പി.സി.ആർ പരിശോധന ഫലം നിർബന്ധമാണ്. മേഖലയിൽ എവിടെയും ആരോഗ്യ വകുപ്പിന്റെ പരിശോധന സൗകര്യം ഇല്ലാത്തതിനാൽ പണംമുടക്കി സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് അന്തർ സംസ്ഥാന യാത്രക്കാരും.
മുമ്പ് സംസ്ഥാനത്തു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10നു മുകളിൽ എത്തിയപ്പോഴാണ് മേഖലയിൽ താലൂക്ക് ആശുപത്രികൾ കേന്ദ്രീകരിച്ച് ഉൾപ്പെടെ ആർ.ടി.പി.സി.ആർ പരിശോധന സൗകര്യം ഏർപ്പെടുത്തിയത്. മൂന്നാം തരംഗം ശക്തമാകാൻ തുടങ്ങിയിട്ടും താലൂക്ക് ആശുപത്രിയിലെയും കിളിയന്തറ ചെക്പോസ്റ്റിലെയും ആർ.ടി.പി.സി.ആർ പരിശോധന കേന്ദ്രങ്ങൾ പുനരാരംഭിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.