ചതിരൂർ 110 കോളനിയിൽ നോക്കുകുത്തിയായ ടാപ്പ്

ചതിരൂർ 110 കോളനിയിൽ കുടിവെള്ളക്ഷാമത്തിന് പരിഹാരമായില്ല; ദുരിതംപേറി ജീവിതങ്ങൾ

ഇരിട്ടി: ആറളം പഞ്ചായത്തിലെ ചതിരൂർ 110 കോളനിയിൽ കുടിവെള്ളക്ഷാമത്തിന് പരിഹാരമായില്ല. ജില്ല കലക്ടർ ദത്തെടുത്ത് അടിസ്ഥാന സൗകര്യവികസനം പ്രഖ്യാപിച്ച കോളനിയാണ് ഇത്തരം ദുരിതത്തിൽ കഴിയുന്നത്. ചതിരൂർ 110 കോളനിവാസികൾ എല്ലാ വേനൽ കാലത്തും കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത് പതിവാണ്. എന്നാൽ, ഇവരുടെ ആവശ്യങ്ങൾ പരിഹരിക്കാൻ വാഗ്ദാനങ്ങളല്ലാതെ ഒരു പദ്ധതികളും നടപ്പിലാകുന്നില്ല. 33 വീടുകളിൽ കുടുംബങ്ങൾ താമസിച്ചിരുന്നെങ്കിലും പകുതിയിലധികം വീടുകളും അടഞ്ഞു കിടക്കുന്നു. അവശേഷിക്കുന്ന 19 കുടുംബങ്ങളാകട്ടെ കുടിവെള്ളത്തിനായി അലയുകയാണ്. കോളനിയിലേക്ക് നിരവധി പേർ പലവിധ വാഗ്ദനങ്ങളുമായി എത്തുന്നുണ്ടെങ്കിലും അടിസ്ഥാനപരമായി കുടിവെള്ളം നൽകാൻപോലും ആരും തയാറാകുന്നില്ലെന്നും, ദൂരസ്ഥലങ്ങളിൽനിന്നും തലചുമടായി വെള്ളം ശേഖരിച്ചാണ് ആഹാരം പാകം ചെയ്യുന്നതെന്നും കോളനിവാസികൾ പറയുന്നു.

ജില്ല കലക്ടർ ദത്തെടുത്ത കോളനിയിൽ വൈദ്യുതി, വെള്ളം, വീട്, തൊഴിൽ തുടങ്ങി അടിസ്ഥാന സൗകര്യവികസന പദ്ധതികൾ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടപ്പിലാക്കിയിരുന്നു.

എന്നാൽ, ഇതൊന്നും ഇവിടെ കാര്യമായി നടപ്പിലായില്ലെന്നു മാത്രമല്ല, വികസന കാര്യത്തിൽ ആരും തിരിഞ്ഞ് നോക്കാത്ത അവസ്ഥയാണ്. കോളനിയിൽ താമസക്കാർ കുറഞ്ഞതോടെ മേഖലയിലെ വീടുകളും, കൃഷിയിടങ്ങളും കാട് കയറി നശിക്കാനും തുടങ്ങി. പട്ടിക വർഗ വികസന വകുപ്പ് മുൻ കൈ എടുത്ത് ഇവരെ നിലനിർത്താൻ നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.

Tags:    
News Summary - drinking water problem in Chathiroor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.