ഇരിട്ടി: കീഴൂർ-ചാവശ്ശേരി പഞ്ചായത്ത് മാറി ഇരിട്ടി നഗരസഭയായി രൂപാന്തരം പ്രാപിച്ച് പത്താണ്ട് പിന്നിട്ടിട്ടും പായം വില്ലേജ് പരിധി മാറാതെ എടക്കാനം പ്രദേശത്തെ ജനങ്ങൾ ദുരിതം അനുഭവിക്കുന്നു. വില്ലേജും തദ്ദേശ സ്വയംഭരണ സ്ഥാപനവും രണ്ട് പ്രദേശങ്ങളിൽ നിലനിൽക്കുന്ന സംസ്ഥാനത്തെ അപൂർവ പ്രദേശങ്ങളിലൊന്നാണ് ഇരിട്ടി നഗരസഭയിലെ എടക്കാനം പ്രദേശം. ഭൂവിസ്തൃതിയാലും ഭൂപ്രദേശങ്ങളുടെ ഘടനാപരമായ നിലനിൽപിനാലും ഇരിട്ടി നഗരസഭയിലുൾപ്പെട്ട നാല്, അഞ്ച് വാർഡുകളിൽപെടുന്ന 500 ഓളം വീടുകളിലായി 3000ത്തോളം ജനസംഖ്യയുള്ള എടക്കാനം, ചേളത്തൂർ, മോച്ചേരി, കപ്പണക്കുന്ന്, എടയിൽകുന്ന്, കീരിയോട്, കണങ്ങോട്, എടക്കാനം പുഴക്കര ഭാഗങ്ങളിലെ ജനങ്ങൾ ഇന്നും വില്ലേജ് ആവശ്യങ്ങൾക്കായി മൂക്കിന് താഴെയുള്ള കീഴൂർ വില്ലേജ് ഓഫിസ് പിന്നിട്ട് പായം വില്ലേജ് ഓഫിസിനെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
ഇരിട്ടി നഗരസഭ ഓഫിസും കീഴൂർ വില്ലേജ് ഓഫിസും പുന്നാട് ഒരു മതിൽകെട്ടിെൻറ രണ്ട് ഭാഗങ്ങളിലായി അടുത്തടുത്താണ് സ്ഥിതി ചെയ്യുന്നത്. സർക്കാറിെൻറ വിവിധ ആനുകൂല്യങ്ങൾക്കും വിദ്യാഭ്യാസ ആവശ്യത്തിനും കൃഷി ഓഫിസ് ആവശ്യത്തിനും നഗരസഭ ആവശ്യത്തിനും മറ്റുമുള്ള വിവിധ സർട്ടിഫിക്കറ്റുകൾക്കായി എടക്കാനം പ്രദേശത്തുള്ളവർ ഇരിട്ടി കല്ലുമുട്ടിയിൽ പ്രവർത്തിക്കുന്ന പായം വില്ലേജ് ഓഫിസിലാണ് എത്തേണ്ടത്. പായം വില്ലേജിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ വിഭജിച്ച് പുതുതായി വിളമന വില്ലേജ് രൂപവത്കരിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും എടക്കാനം പ്രദേശത്തുള്ളവരെ അവരുടെ പ്രദേശമുൾപ്പെടുന്ന കീഴൂർ വില്ലേജിൽ ഉൾപ്പെടുത്താൻ അധികൃതർ തയാറായിട്ടില്ല.
മുമ്പ് വില്ലേജ് ഓഫിസർമാർ അതത് വില്ലേജ് പരിധികളിൽ താമസിക്കണമെന്നതിനാൽ അന്നത്തെ വില്ലേജ് ഓഫിസറായിരുന്ന എടക്കാനം അനന്തോത്ത് കോയിറ്റി വീട്ടിൽ കുഞ്ഞിരാമൻ നമ്പ്യാർ ഉദ്യോഗ നിർവഹണത്തിനും താമസസൗകര്യത്തിനുമായി ജന്മദേശമായ എടക്കാനം പ്രദേശത്തെ പായം വില്ലേജിൽ കൂട്ടിച്ചേർക്കുകയായിരുന്നു. പിന്നീട് ഇദ്ദേഹം സർവിസിൽ നിന്ന് വിരമിച്ചിട്ടും എടക്കാനം പ്രദേശത്തിനുമാത്രം ശാപമോക്ഷം ലഭിച്ചില്ല.
കഴിഞ്ഞ പിണറായി സർക്കാറിെൻറ കാലത്ത്, പായം വില്ലേജിൽ ഉൾപ്പെടുന്ന എടക്കാനം പ്രദേശത്തെ കീഴൂർ വില്ലേജിൽ ഉൾപ്പെടുത്താനുള്ള നിർദേശം ഉണ്ടായെങ്കിലും ഒന്നും നടന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.