ഇരിട്ടി: മലയോര ഹൈവേ പുനർനിർമാണം ഇഴഞ്ഞുനീങ്ങുന്നതോടെ മിക്ക സ്ഥലങ്ങളിലും അപകടങ്ങൾ പതിവാകുന്നു. മലയോര ഹൈവേയുടെ ഭാഗമായ കരിക്കോട്ടക്കരി-എടൂർ റോഡിൽ കൊട്ടുകപ്പാറ കാലി വളവിലാണ് അപകടം തുടർക്കഥയാകുന്നത്.
ഞായാറഴ്ച രാത്രി 10.30 ഓടെ ഉളിക്കൽ സ്വദേശി സഞ്ചരിച്ചിരുന്ന കാർ വളവിൽ അടുത്തുള്ള പറമ്പിലേക്ക് ഇടിച്ചു കയറി. യാത്രക്കാരൻ പരിക്കില്ലാതെ രക്ഷപ്പെട്ടെങ്കിലും നിർമാണം വൈകുന്നത് അപകടത്തിന് കാരണമാകുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. ഓവുചാലുകളുടെ നിർമാണം പൂർത്തിയാകാത്തതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ വെള്ളം റോഡിലൂടെ കുത്തിയൊഴുകി വളവിൽ ചെളിയും മണ്ണും നിറഞ്ഞത് അപകടത്തിന് കാരണമായി.
ഈ റൂട്ടിലെ ഏറ്റവും അപകടം പിടിച്ച വളവുകൂടിയാണിത്. കഴിഞ്ഞ ദിവസത്തെ മഴയിൽ റോഡിലൂടെ ഒഴുകിയെത്തിയ വെള്ളം പല വീടുകളിലും കയറിയതായും നാട്ടുകാർ പറയുന്നു. അധികൃതർ യന്ത്രം ഉപയോഗിച്ച് മണ്ണ് മാറ്റിയെങ്കിലും റോഡിൽ ഇരുചക്ര വാഹനങ്ങളടക്കം യാത്രചെയ്യാൻ ബുദ്ധിമുട്ടുകയാണ്. വള്ളിത്തോട് മുതൽ മണത്തണ വരെയുള്ള മലയോര ഹൈവേയുടെ പുനർനിർമാണം മിക്ക സ്ഥലങ്ങളിലും പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലാണ്.
51 കോടിയോളം രൂപ മുതൽമുടക്കിയാണ് നിർമാണം നടത്തുന്നത്. വീതി കൂട്ടി പുനർനിർമിക്കുന്നതിന്റെ ഭാഗമായി മാസങ്ങൾക്ക് മുമ്പ് റോഡിന്റെ ഇരുവശവും മെറ്റൽ നിറച്ച് പോയതല്ലാതെ മറ്റു പ്രവൃത്തി നടന്നിട്ടില്ല. മലയോര ഹൈവേയിലെ മൂന്ന് പാലങ്ങളിൽ പുതുക്കിപ്പണിയുന്നതിന് പൊളിച്ച രണ്ട് പാലങ്ങളുടെയും നിർമാണം എങ്ങുമെത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.