ഇരിട്ടി: റേഷൻ കടവഴി ലഭിക്കുന്ന പുഴുക്കൽ, പച്ചരികളിൽ മായം കലർന്നതായി ആക്ഷേപം. പ്രചരണം തെറ്റാണെന്നും സമ്പുഷ്ടീകരിച്ച അരിയാണെന്ന വിശദീകരണവുമായി അധികൃതർ. കേന്ദ്രസർക്കാർ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി രാജ്യത്ത് എല്ലായിടത്തും പൊതുവിതരണ കേന്ദ്രം വഴി വിതരണം ചെയ്യുന്ന ഫോർട്ടിഫൈഡ് (സമ്പുഷ്ടീകരിച്ച) അരിയാണ് ഇതെന്നും ഇരിട്ടി താലൂക്ക് സപ്ലൈ ഓഫിസർ എം.കെ. റജീന പറഞ്ഞു.
കണ്ടാൽ അരിയെന്ന് സംശയം ജനിപ്പിക്കുന്ന രീതിയിൽ എന്തോ കലർത്തിയെന്നാണ് ആരോപണം. അരി കഴുകാനായി വെള്ളത്തിലിടുമ്പോൾ ഇവ പൊങ്ങിക്കിടക്കുന്നതായും ഇത് അൽപ്പനേരം വെള്ളത്തിലിട്ടാൽ വെന്ത ചോറുപോലെ പൊങ്ങി വരുന്നതായും ഇവർ പറയുന്നു.
സാധാരണ അരി കടിച്ചാൽ അത് പൊടിഞ്ഞുപോകുമെങ്കിലും അരിയിൽ കലർന്നിരിക്കുന്ന ഈ വസ്തു കടിച്ചാൽ പൊടിയാതെ ച്യുയിങ്ഗം പോലെ ഇരിക്കുന്നതായും ഇവർ പറയുന്നു. താലൂക്ക് സപ്ലൈ ഓഫിസറെ സമീപിച്ചപ്പോഴാണ് ഇത് മായമല്ലെന്നും സമ്പുഷ്ടീകരിച്ച അരിയാണെന്നും ഇവർ അറിയിച്ചത്. ഫോര്ട്ടിഫിക്കേഷനുവേണ്ടി അരിയില്‍ ചേര്‍ക്കുന്ന അരിയുടെഅതേ ആകൃതിയിലുള്ള ഫോര്ട്ടിഫിക്കേഷന് കെര്ണലുകളാണ് തെറ്റിദ്ധാരണക്ക് ഇടയാക്കുന്നതെന്ന് സപ്ലെ ഓഫിസർ പറഞ്ഞു.
ഫോര്‍ട്ടിഫൈഡ് റൈസ് അഥവാ സമ്പുഷ്ടീകരിച്ച അരി ഭക്ഷണത്തിലെ പോഷക നിലവാരം മെച്ചപ്പെടുത്തുകയും അവശ്യ സൂക്ഷ്മ പോഷകങ്ങളുടെ അളവ് വര്‍ധിപ്പിക്കുകയും ചെയ്യുന്നു. സമ്പുഷ്ടീകരിച്ച അരി രുചിയിലും മണത്തിലും രൂപത്തിലും സാധാരണ അരിക്ക് സമാനവും പൂര്‍ണമായും സുരക്ഷിതവുമാണ്.
അരിപ്പൊടി, പ്രിമിക്സ് എന്നിവ സംയോജിപ്പിച്ച് തയാറാക്കുന്ന ഫോര്‍ട്ടിഫൈഡ് റൈസ് കെര്ണല്, 100:1 എന്ന അനുപാതത്തില്‍ കലര്‍ത്തിയാണ് സമ്പുഷ്ടീകരിച്ച അരിയാക്കി മാറ്റുന്നത്. ഇതില്‍ അയണ്‍, ഫോളിക് ആസിഡ്, വൈറ്റമിന്‍ ബി 12 എന്നിവ അടങ്ങിയിരിക്കുന്നു. അയണ്‍ വിളര്‍ച്ച തടയുന്നതിനും, ഫോളിക് ആസിഡ് രക്ത രൂപവത്കരണത്തിനും വിറ്റാമിന്‍ ബി12 നാഡീവ്യവസ്ഥയുടെ സാധാരണ പ്രവര്‍ത്തനത്തിനും സഹായിക്കുന്നു. പോഷകാഹാര കുറവിനെ ഒരു പരിധിവരെ ചെറുക്കാന്‍ ഇതിലൂടെ കഴിയും.
ഫുഡ് ആന്‍ഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ മാനദണ്ഡങ്ങള്‍ക്ക് വിധേയമായിട്ടാണ് ധാന്യങ്ങള്‍ സമ്പുഷ്ടീകരിച്ചിരിക്കുന്നത്. അതിനാല്‍ ഫോര്‍ട്ടിഫൈഡ് അരി മായമല്ലെന്നും ഭക്ഷ്യവകുപ്പ് ഉറപ്പ് നൽകുന്നു. ഇതിന്റെ ഭാഗമായി ബോധവത്കരണങ്ങൾ നടക്കുകയാണെന്നും അധികൃതർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.