ഇരിട്ടി സബ് രജിസ്ട്രാർ ഓഫിസ്

ഉളിയിൽ അല്ല, ഇനി ഇരിട്ടി സബ് രജിസ്ട്രാർ ഓഫിസ്

ഇരിട്ടി: 111 വർഷത്തെ ആ വിളിപ്പേര് ഇനി ചരിത്രത്തിന്റെ ഭാഗമായി. ഉളിയിൽ സബ് രജിസ്ട്രാർ ഓഫിസ് ഇരിട്ടി സബ് രജിസ്ട്രാർ ഓഫിസായി പുനർനാമകരണം ചെയ്ത് പേര് മാറ്റം പ്രാബല്യത്തിൽ വന്നു.

സംസ്ഥാനത്തെ എറ്റവും പഴക്കമുള്ള സബ് രജിസ്ട്രാർ ഓഫിസുകളിലൊന്നായ ഉളിയിൽ സബ് രജിസ്ട്രാർ ഓഫിസ് 1911ലാണ് നിലവിൽ വന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ഉളിയിൽ ആസ്ഥാനമായി നിലവിൽ വന്ന ഓഫിസ് പിന്നീട് രേഖകളിലെല്ലാം ഉളിയിൽ സബ് രജിസ്ട്രാർ ഓഫിസായി മാറുകയായിരുന്നു.

1982ൽ ഉളിയിൽനിന്ന് ഇരിട്ടി നഗരത്തോട് ചേർന്ന കീഴൂരിൽ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റിയപ്പോഴും പേരിൽ മാറ്റമുണ്ടായില്ല. രജിസ്ട്രാർ ഓഫിസ് പ്രവർത്തിക്കുന്ന സ്ഥലവും പേരുള്ള സ്ഥലവും തമ്മിൽ കിലോമീറ്ററുകളുടെ വ്യത്യാസം ഉണ്ടായിരുന്നു.

സ്ഥലവും വില്ലേജും മാറിയിട്ടും രജിസ്ട്രാർ ഓഫിസിന്റെ പേരിൽമാത്രം മാറ്റമുണ്ടായില്ല. ഇരിട്ടി ആസ്ഥാനമായി താലൂക്കുകൂടി നിലവിൽ വന്നതോടെ രജിസ്ട്രാർ ഓഫിസ് ഇരിട്ടിയായി പുനർനാമകരണം ചെയ്യണമെന്നാവശ്യം ആധാരമെഴുത്തുകാർ ഉൾപ്പെടെ വിവിധ കോണുകളിൽനിന്ന് ഉയർന്നുവന്നു.

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 1.32 കോടി രൂപ മുടക്കി രജിസ്ട്രാർ ഓഫിസിനായി പുതിയ ആസ്ഥാനമന്ദിരം ഒരുക്കിയപ്പോഴും പേരുമാറ്റം പ്രധാന ആവശ്യമായി. ഇത് പരിഗണിച്ച് രജിസ്ട്രേഷൻ വകുപ്പിന്റെ അനുമതിയോടെ രണ്ടുമാസം മുമ്പ് നികുതി വകുപ്പ് സെക്രട്ടറിയാണ് നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ ഇരിട്ടി സബ് രജിസ്ട്രാർ ഓഫിസ് എന്ന് പുനർനാമകരണം ചെയ്ത് ഉത്തരവിറക്കിയത്.

നടപടിക്രമങ്ങളെല്ലാം പൂർത്തിയായതായും രജിസ്ട്രേഷൻ നടപടികളെല്ലാം ഇരിട്ടി എന്ന പേരിലാക്കിയതായും ഇരിട്ടി സബ് രജിസ്ട്രാർ എം.എൻ. ദിലീപൻ പറഞ്ഞു.

Tags:    
News Summary - name renewed- Iriti Sub-Registrar Office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.