അപകടത്തിൽ തകർന്ന ബസ്​

മാക്കൂട്ടം ചുരം പാതയിൽ ബസ് മരത്തിലിടിച്ച്​ ഡ്രൈവർ മരിച്ചു; പതിനഞ്ചോളം പേർക്ക് പരിക്ക്

ഇരിട്ടി: മാക്കൂട്ടം ചുരം പാതയിൽ ബസ് അപകടത്തിൽ പെട്ട്​ പതിനഞ്ചോളം പേർക്ക് പരിക്ക്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കർണാടക ചാമരാജ്​ നഗർ സ്വദേശിയായ ബസ്​ ഡ്രൈവർ സ്വാമി (42) പിന്നീട്​ മരിച്ചു. കർണാടക സർക്കാറിൻ്റെ സ്ലീപ്പർ കോച്ച് ബസാണ് അപകടത്തിൽപ്പെട്ടത്. ബംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ബസാണ് മാക്കൂട്ടം ചുരത്തിൽ മെതിയടി പാറക്ക് സമീപം അപകടത്തിൽപ്പെട്ടത്. പുലർച്ചെ നാല് മണിയോടെയാണ് അപകടം.

പെരുമ്പാടി ചെക്ക് പോസ്റ്റ് കഴിഞ്ഞ് മെതിയടി പാറ ഹനുമാൻ സ്വാമി ക്ഷേത്രം കഴിഞ്ഞ ഉടനെ നിയന്ത്രണം വിട്ട് റോഡരികിലെ കൂറ്റൻ മരത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിൻെറ മുൻഭാഗം പൂർണമായും തകർന്നു. ബസിലുണ്ടായിരുന്ന 15 പേർക്കാണ് പരിക്ക് പറ്റിയത്.

ബസ് മരത്തിലിടിച്ച് നിന്നതിനാൽ താഴ്ചയിലേക്ക് മറിഞ്ഞില്ല. അതിനാൽ തന്നെ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.

പരിക്കേറ്റവരെ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് കണ്ണൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വിരാജ് പേട്ടയിലെ ആശുപത്രിയിലും പരിക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതുവഴി വന്ന മറ്റ് വാഹന യാത്രക്കാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്.

രക്ഷാപ്രവർത്തനം

ഇരിട്ടിയിൽ നിന്നും വിരാജ് പേട്ടയിൽ നിന്നും ഫയർഫോഴ്സും സ്ഥലത്തെത്തി. ബസ്സിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ ഉൾപ്പെടെ മണിക്കൂറുകളോളം നീണ്ട ശ്രമത്തിനൊടുവിലാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.

ഒരാഴ്ച മുൻപാണ് ഈ റൂട്ടിൽ ബസ്സുകൾ ഓടിത്തുടങ്ങിയത്. 

രക്ഷാപ്രവർത്തനത്തിന്‍റെ വിഡിയോ ദൃശ്യം



Tags:    
News Summary - road accident at makkoottam churam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.