ഇരിട്ടി: ഓണം എത്തിയതോടെ കർണാടകയിൽനിന്ന് കേരളത്തിലേക്ക് ലഹരിമരുന്നുകളും മദ്യവും മറ്റും കൊണ്ടുവരുന്നത് തടയാൻ കർശന പരിശോധനയുമായി പൊലീസ്. ഇരിട്ടി ഡിവൈ.എസ്.പി സജേഷ് വാഴാളപ്പിലിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും കൂട്ടുപുഴ-മാക്കൂട്ടം അതിർത്തിയിൽ പരിശോധന നടക്കും.
പരിശോധന കർശനമാക്കിയതിന്റെ ഭാഗമായി കൂട്ടുപുഴയിലെ പഴയപാലം പൊലീസ് ബാരിക്കേഡ് വെച്ച് അടച്ചു.
പുതിയ പാലത്തിന് സമീപം പരിശോധന നടക്കുന്നതിനിടെ ചില വാഹനങ്ങൾ പൊലീസിന്റെ കണ്ണുവെട്ടിച്ച് ഇതുവഴി കടന്നുപോകുന്നത് ശ്രദ്ധയിൽപെട്ടിരുന്നു. ഇതോടെ വാഹനങ്ങൾ കടന്നുപോകാത്തവിധം പാലം ബാരിക്കേഡ് വെച്ച് അടച്ചു.
ഈ പാലം വഴി പേരട്ട, കോളിത്തട്ട്, ഉളിക്കൽ തുടങ്ങി മലയോരമേഖലകളിലെ വിവിധ പ്രദേശങ്ങളിൽ എത്തിച്ചേരാൻ കഴിയും എന്നതും പ്രദേശവാസികൾക്ക് പാലം അടക്കുകവഴി മറ്റ് പ്രശ്ങ്ങളൊന്നും ഉണ്ടാക്കുന്നില്ല എന്നതും കണക്കിലെടുത്താണ് ഓണം കഴിയുന്നതുവരെ അടച്ചിടാൻ തീരുമാനിച്ചത്.
അടുത്ത ഏതാനും മാസങ്ങൾക്കിടയിൽ നിരവധിതവണ ചെക്ക്പോസ്റ്റ് വഴി കടത്തിക്കൊണ്ടുവന്ന എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പുകൾ അടക്കമുള്ള മാരക ലഹരിമരുന്നുകൾ പൊലീസും എക്സൈസും പിടികൂടിയിരുന്നു. ഇത്തരം കടത്തുകാർ വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് കൊണ്ടുവരുന്നത്. ഓണാഘോഷങ്ങളുടെ ഭാഗമായി കടത്ത് കൂടാനുള്ള സാധ്യതയാണ് 24 മണിക്കൂറും പരിശോധന നടത്താൻ പൊലീസിനെ പ്രേരിപ്പിച്ചത്. ബൈക്കുകൾ ഉൾപ്പെടെ ചെറുതും വലുതുമായ എല്ലാ വാഹനങ്ങളും കർശന പരിശോധനക്ക് വിധേയമാക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.