ഇരിട്ടി: തദ്ദേശ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയതോടെ ശ്രദ്ധയാകർഷിച്ച അസം സ്വദേശിനി മുൺമി ഗൊഗോയിക്ക് ഫലമറിയുന്നതിന് മുന്നേ സന്തോഷ വാർത്ത. അസമിൽനിന്ന് ഇരിട്ടിയുടെ മരുമകളായി എത്തി ഒറ്റമുറി വാടകവീട്ടിൽ താമസിച്ച് പഞ്ചായത്ത് വാർഡിൽ മത്സരിക്കുന്ന മുൺമിയെക്കുറിച്ച് മാധ്യമങ്ങളിലൂടെ അറിഞ്ഞ സുരേഷ് ഗോപി എം.പിയാണ് ഇവരുടെ വീടെന്ന സ്വപ്നത്തിന് വാഗ്ദാനത്തിലൂടെ നിറം പകർന്നത്.
വീട് നിർമിക്കുന്നതിന് ആവശ്യമായ എല്ലാ സഹായവും ചെയ്യാമെന്ന് എം.പി അറിയിക്കുകയായിരുന്നു. പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ തെരഞ്ഞെടുപ്പിനു ശേഷമായിരിക്കും ഇതിനായുള്ള സാമ്പത്തിക സഹായം കൈമാറുക.
ഇരിട്ടി നഗരസഭയിലെ പതിനൊന്നാം വാർഡ് വികാസ് നഗറിലാണ് മുൺമി ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കുന്നത്. ചെങ്കൽ ക്വാറി തൊഴിലാളിയായ സജേഷ് ഏഴു വർഷം മുമ്പാണ് ഇവരെ വിവാഹം കഴിക്കുന്നത്. അസമീസിനും ഹിന്ദിക്കും പുറമേ മലയാളവും അനായാസം സംസാരിക്കാൻ ഇവർ പഠിച്ചു.
ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി, ബി.ജെ.പി മണ്ഡലം പ്രസിഡൻറ് എം.ആർ. സുരേഷ്, വൈസ് പ്രസിഡൻറ് സി. ബാബു, സെക്രട്ടറി പ്രിജേഷ് അളോറ, മനോഹരൻ വയോറ എന്നിവർ തിങ്കളാഴ്ച ഇവർ താമസിക്കുന്ന വീട്ടിലെത്തി മുൺമിയേയും ഭർത്താവ് സജേഷിനെയും വിവരം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.