ഇരിട്ടി: ആറുവർഷമായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വള്ളിത്തോട് വൈദ്യുതി സെക്ഷൻ ഓഫിസിന് സ്വന്തം കാര്യാലയം വരുന്നു. വള്ളിത്തോട് ടൗണിനുസമീപം സലാസ്പുരം റോഡിൽ പുതിയ കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചു. കല്ലറക്കൽ റോയ് സൗജന്യമായി നൽകിയ 10 സെൻറ് സ്ഥലത്താണ് പുതിയ കെട്ടിടം പണിയുന്നത്.
60 ലക്ഷം രൂപയുടെ പ്രവൃത്തിയുടെ കരാർ പാനൂർ സ്വദേശി എം.സി. സതീശന് നൽകി. 2016 ഫെബ്രുവരി 24നാണ് വള്ളിത്തോട് സെക്ഷൻ അനുവദിച്ച് സർക്കാർ ഉത്തരവായത്. ഒരുമാസത്തിനുള്ളിൽ തന്നെ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വള്ളിത്തോട് ടൗണിൽ നിന്ന് ഒരുകിലോമീറ്റർ മാറി വീട് വാടകക്കെടുത്ത് സെക്ഷൻ ഓഫിസ് പ്രവർത്തനം ആരംഭിച്ചിരുന്നു.
സ്വന്തമായി കെട്ടിടം ഇല്ലാത്തതിന്റെ പ്രതിസന്ധി ഏറെയായിരുന്നു. അസൗകര്യങ്ങളാൽ വീർപ്പുമുട്ടി പ്രവർത്തിക്കുന്ന ഓഫിസിന് സ്വന്തമായി കെട്ടിടം പണിയണമെന്ന ആവശ്യം വിവിധ കോണുകളിൽനിന്നും ഉയർന്നു. 60 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് കെ.എസ്.ഇ.ബി അംഗീകരിച്ച് ടെൻഡർ നടപടി പൂർത്തിയാക്കി പ്രാരംഭ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. രണ്ടു നിലകളിലായാണ് കെട്ടിടം പണിയുന്നത്.
അടുത്തദിവസം തറക്കല്ലിടൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിനായി വകുപ്പുമന്ത്രിയുടെ തീയതി ഉൾപ്പെടെ കിട്ടുന്നതിന് ശ്രമം തുടങ്ങിയതായി വള്ളിത്തോട് സെക്ഷൻ അസി. എൻജിനീയർ മേരി അറിയിച്ചു.
10,000ത്തിലധികം കണക്ഷനും 400 കിലോമീറ്റർ എൽ.ടി ലൈനുമുള്ള വള്ളിത്തോട് സെക്ഷൻ പരിധിയിൽ നിലവിൽ ഉളിക്കൽ, അയ്യങ്കുന്ന്, പായം പഞ്ചായത്തുകളാണ് ഉൾപ്പെടുന്നത്. 90 ശതമാനവും ഗാർഹിക കണക്ഷനുകളാണ്. 88 കിലോമീറ്റർ എച്ച്.ടി ലൈനും 400 കിലോമീറ്റർ എൽ.ടി ലൈനും 74 ട്രാൻസ്ഫോർമറുകൾ ഉൾപ്പെടെയുമുള്ള ശൃംഖലയാണ് സെക്ഷൻ പരിധിയിൽ വരുന്നത്. പുതിയ ആസ്ഥാന മന്ദിരം യാഥാർഥ്യമാകുന്നതോടെ അടിസ്ഥാനസൗകര്യ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.