ഇരിട്ടി: ഇരുമുന്നണികൾക്കും അഭിമാനപോരാട്ടമായ ആറളം പഞ്ചായത്തിലെ വീർപ്പാട് വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കനത്ത പോളിങ്. വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നെങ്കിലും പോളിങ്ങിനുമുമ്പ് രണ്ടുപേരെ തട്ടിക്കൊണ്ടുപോയി.വാർഡിലെ രണ്ട് ബൂത്തുകളിലായി ആകെയുള്ള 1185 വോട്ടർമാരിൽ 1097 പേർ വോട്ടു ചെയ്തു. 92.57 ശതമാനമാണ് പോളിങ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 87.75 ശതമാനം പേരാണ് വോട്ടു രേഖപ്പെടുത്തിയത്.
ചൊവ്വാഴ്ച രാത്രി വീർപ്പാട് കോളനിയിൽനിന്ന് തട്ടിക്കൊണ്ടുപോയ രണ്ടുപേരിൽ ബാബു എന്നയാളെ ബുധനാഴ്ച രാവിലെ മർദനമേറ്റ നിലയിൽ കണ്ടെത്തി. തുടർന്ന് ഇയാൾ മറ്റൊരാളുടെ സഹായത്തോടെ കോളനിയിൽ എത്തുകയായിരുന്നു. ശശി എന്നയാളെ ബുധനാഴ്ച വൈകീട്ട് വാഹനത്തിൽ കോളനിക്ക് മുന്നിൽ തള്ളി ഒരുസംഘം കടന്നുകളഞ്ഞു. അബോധാവസ്ഥയിലായ ഇയാളെ കോൺഗ്രസ് പ്രവർത്തകർ ആദ്യം ഇരിട്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് ജില്ല ആശുപത്രിയിലും എത്തിച്ചു. ഇയാളുടെ വോട്ട് കള്ളവോട്ട് ചെയ്തതായും ആരോപണമുണ്ട്.
വെളിമാനം സെൻറ് തോമസ് യു.പി സ്കൂൾ, വീർപ്പാട് വേൾഡ് വിഷൻ ഹാൾ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. ഏഴിന് പോളിങ് ആരംഭിക്കുന്നതിന് മുമ്പുതന്നെ വോട്ടർമാരുടെ നീണ്ട നിര രൂപപ്പെട്ടിരുന്നു. തുടക്കത്തിൽ തന്നെ ഓപൺ വോട്ടു ചെയ്യാൻ എത്തിയവരുടെ എണ്ണം വർധിച്ചതോടെ വോട്ടിങ്ങിന് വേഗത കുറഞ്ഞു. ആദ്യ മണിക്കൂറിൽ വോട്ടു ചെയ്തവരിൽ പകുതിയോളം ഓപൺ വോട്ടായിരുന്നു. 10 മണിയോടെ വോട്ടിങ്ങിന് വേഗത കൂടി.
ഉച്ചയാകുമ്പോേഴക്കും 60 ശതമാനത്തിലധികം പേർ വോട്ടു രേഖപ്പെടുത്തി. വോട്ടുചെയ്യുന്നതിനായി കിടപ്പുരോഗികളെയും മറ്റു അസുഖബാധിതരെയും പ്രവർത്തകർ ആംബുലൻസിലും മറ്റുമായി എത്തിച്ചു. വൈകീട്ട് അഞ്ചുമുതൽ ആറുവരെ ആരും വോട്ടു ചെയ്യാൻ എത്തിയില്ല. വീർപ്പാട് വാർഡിൽ നിന്നു വിജയിച്ച എൽ.ഡി.എഫ് സ്ഥാനാർഥി ബേബി ജോൺ പൈനാപ്പിള്ളിയുടെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇരുകക്ഷികൾക്കും തുല്യ സീറ്റായതിനെ തുടർന്ന് നറുക്കെടുപ്പിലൂടെ പ്രസിഡൻറ് സ്ഥാനം എൽ.ഡി.എഫിന് ലഭിക്കുകയായിരുന്നു.ഇരിട്ടി ഡി.വൈ.എസ്.പി പ്രിൻസ് അബ്രഹാമിെൻറ നേതൃത്വത്തിൽ അഞ്ച് സി.ഐമാർ ഉൾപ്പെട്ട നൂറോളം പൊലീസുകാരാണ് സുരക്ഷാ ചുമതലക്കുണ്ടായിരുന്നത്.
കനത്ത സുരക്ഷ ഒരുക്കണമെന്ന ഹൈകോടതിയുടെ ഉത്തരവിെൻറ അടിസ്ഥാനത്തിൽ സബ് കലക്ടർ അനുകുമാരി ഇരു ബൂത്തുകളിലും പരിശോധന നടത്തി. റിട്ടേണിങ് ഓഫിസർ ഇരിട്ടി അസി. രജിസ്ട്രാർ കെ. പ്രദോഷ്കുമാറുമായും പൊലീസ് മേധാവികളുമായും ക്രമീകരണങ്ങൾ വിലയിരുത്തി.
പ്രതിഷേധിച്ചു
വീർപ്പാട് വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ വോട്ടർമാരായ ആദിവാസി കോളനിയിലെ ശശി, ബാബു എന്നിവരെ തട്ടിക്കൊണ്ടുപോവുകയും മർദിച്ചവശരാക്കുകയും ചെയ്ത സംഭവത്തിൽ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, അഡ്വ. സണ്ണി ജോസഫ് എം.എൽ.എ എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.