ഇരിട്ടി: സംസ്ഥാന വ്യാപകമായി സംസ്ഥാന സർക്കാറിന്റെ നിർദേശപ്രകാരം നഗരസഭകളിലും കോർപറേഷനുകളിലും വിജിലൻസ് നടത്തിയ റെയ്ഡിന്റെ മറവിൽ ഇരിട്ടി നഗരസഭയെയും ജനങ്ങളെയും സംശയത്തിന്റെ പുകമറയിൽ നിർത്താൻ ശ്രമം നടക്കുന്നതായി നഗരസഭ ചെയർപേഴ്സൻ കെ. ശ്രീലതയും മറ്റ് ഭരണസമിതി അംഗങ്ങളും വാർത്തസമ്മേളനത്തിൽ ആരോപിച്ചു. നഗരസഭയിൽ നിന്നും നിരവധി ഫയലുകൾ വിജിലൻസ് പരിശോധിച്ചതിൽ 2004-05, 2009-10, 2014-15 വർഷത്തെ മൂന്ന് ഫയലുകളാണ് വിജിലൻസ് കൊണ്ടുപോയത്.
റെയ്ഡിന് പിന്നാലെ വിജിലൻസ് ഡയറക്ടർ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച ക്രമക്കേട് കണ്ടെത്തിയ നഗരസഭയുടെ പട്ടികയിൽ ഇരിട്ടിയുടെ പേരില്ല എന്നതാണ് വസ്തുത.
ആരോ ബോധപൂർവം, ക്രമക്കേട് കണ്ടെത്തി എന്ന വാർത്ത പ്രചരിപ്പിക്കുകയാണ്. വഴിവിട്ട രീതിയിൽ ക്രമക്കേട് കാണിക്കുന്ന ജീവനക്കാരെ തെളിവുസഹിതം ചൂണ്ടിക്കാണിച്ചാൽ ശക്തമായ നടപടി സ്വീകരിക്കും. ഉപ്പുതിന്നവൻ വെള്ളം കുടിക്കണം എന്നു തന്നെയാണ് നഗരസഭയുടെ നിലപാട്. അനധികൃത നിർമിതികൾക്കെതിരെ ശക്തമായ നടപടിയാണ് ഭരണസമിതിയിൽ നിന്നും ഉണ്ടാകുന്നത്. നിലവിൽ 20 അനധികൃത നിർമാണങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. നിയമലംഘകരിൽനിന്നും 50 ലക്ഷത്തിലേറെ രൂപയും ഈടാക്കി. അഴിമതിക്കാർക്കെതിരെയുള്ള നടപടികളുമായി ശക്തമായി മുന്നോട്ടുപോകുമെന്നും ഒരുക്രമക്കേടും വെച്ചുപൊറുപ്പിക്കില്ലെന്നും അവർ പറഞ്ഞു. നഗരസഭ വൈസ്. ചെയർമാൻ പി.പി. ഉസ്മാൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. സുരേഷ്, കൗൺസിലർ കെ. നന്ദനൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.