ഇരിട്ടി: വാടകക്കെടുത്ത കാറിലെത്തി വള്ളിത്തോട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റും റിട്ട. കായികാധ്യാപികയുമായ ഫിലോമിന കക്കട്ടിലിന്റെ സ്വര്‍ണമാല പൊട്ടിച്ച സംഭവത്തില്‍ സൈനികനെ ഇരിട്ടി സി.ഐ കെ.ജെ. ബിനോയിയും സംഘവും അറസ്റ്റുചെയ്തു.
ഉളിക്കല്‍ കേയാപറമ്പിലെ പരുന്ത് മലയില്‍ സെബാസ്റ്റ്യന്‍ ഷാജി (27) യെയാണ് അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസം ഉച്ച 12.45ന് ഫിലോമിനയുടെ വീടിനു സമീപം റോഡില്‍ കാര്‍ നിർത്തി സെബാസ്റ്റ്യന്‍ ഷാജി ഒരു മേല്‍വിലാസം അന്വേഷിക്കാനെന്ന വ്യാജേന കഴുത്തിലെ സ്വര്‍ണമാല പിടിച്ചുപറിക്കുകയായിരുന്നു. പിടിവലിക്കിടെ അഞ്ച് പവന്റെ മാല നഷ്ടപ്പെട്ടില്ല. എന്നാൽ, ഒരുപവനുള്ള സ്വര്‍ണകുരിശ് പ്രതിയുടെ കൈവശവുമായി. ഇവർ ബഹളംവെച്ചപ്പോഴേക്കും ഇയാൾ കാറില്‍ വള്ളിത്തോട് ഭാഗത്തേക്ക് ഓടിച്ചുപോയി. ഉടന്‍ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിക്കുകയും പ്രതിയെ തിരിച്ചറിയുകയും പയ്യാവൂര്‍, ശ്രീകണ്ഠപുരം പൊലീസിന് വിവരം നല്‍കുകയും ചെയ്തു.
കാറും പ്രതിയെയും ശ്രീകണ്ഠാപുരം പൊലീസ് തടഞ്ഞപ്പോഴേക്കും പിന്നാലെയെത്തിയ ഇരിട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. കാര്‍ഗിലില്‍ ജോലിചെയ്യുന്ന സൈനികൻ 40 ദിവസത്തെ ലീവില്‍ എത്തി മാടത്തില്‍ ലോഡ്ജില്‍ ഒരുയുവതിക്കൊപ്പം താമസിച്ച് വരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പയ്യാവൂരില്‍ കഴിഞ്ഞ 10ന് വയോധികയുടെ വീട്ടില്‍ കയറി മാല പൊട്ടിച്ചതും ഇയാളാണെന്ന് പൊലീസ് പറഞ്ഞു.
ഇരിട്ടി പയഞ്ചേരിമുക്ക് സ്വദേശിയുടെ കാര്‍ മറ്റൊരാളില്‍നിന്ന് വാടകക്കെടുത്താണ് പ്രതി കറങ്ങി നടന്നിരുന്നത്. 10 ദിവസത്തേക്കെന്നു പറഞ്ഞ് എടുത്ത കാറിന്റെ വാടക നല്‍കിയിരുന്നില്ല. സി.ഐക്ക് പുറമെ എസ്.ഐ സുനില്‍കുമാര്‍, സീനിയര്‍ സിവിൽ പൊലീസ് ഓഫിസർ ബിനീഷ്, സി.പി.ഒ ഷിനോയ് എന്നിവർ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.
മുന്‍ പായം പഞ്ചായത്ത് പ്രസിഡന്റ് പരേതനായ സെബാസ്റ്റ്യന്‍ കക്കട്ടിലിന്റെ ഭാര്യയാണ് കവര്‍ച്ചക്കിരയായ ഫിലോമിന. പ്രതിയെ മട്ടന്നൂർ കോടതിയില്‍ ഹാജരാക്കി. സ്വര്‍ണകുരിശ് ഇയാളിൽ നിന്ന് പൊലീസ് കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.