കണ്ണൂര്‍: അപ്രതീക്ഷിതമായി വേനൽമഴ ശക്തിപ്രാപിച്ചതോടെ വാഹനാപകടങ്ങളും വർധിക്കുന്നു. നാല് ദിവസത്തിനിടെ ജില്ലയിലെ ദേശീയപാതയിൽ 30ലധികം അപകടങ്ങളാണുണ്ടായത്. പെട്ടെന്ന് പെയ്ത മഴയിൽ വാഹനങ്ങൾ തെന്നുന്നതാണ് മിക്ക അപകടങ്ങൾക്കും കാരണം. വാഹനങ്ങളുടെ ടയറുകളുടെ പഴക്കവും ഗ്രിപ്പില്ലായ്മയും തെന്നാൻ കാരണമാകുന്നു. വേനലിൽ റോഡുകളിൽ അടിഞ്ഞുകൂടുന്ന പൊടിയും വാഹനങ്ങളുടെ ഓയിലും മഴയിൽ ചേരുന്നത് തെന്നുന്നതിന് കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു.
ബുധനാഴ്ച ഉച്ചയോടെ കണ്ണൂർ പള്ളിക്കുന്നില്‍ ലോറിയും വാനും കൂട്ടിയിടിച്ച് അപകടമുണ്ടായി. ഇടിയുടെ ആഘാതത്തില്‍ ലോറിയിലുണ്ടായിരുന്ന പെയിൻറ് റോഡിലേക്ക് മറിഞ്ഞു. അഗ്നിശമന സേന എത്തിയാണ് റോഡ് ശുചീകരിച്ചത്. മഴയിൽ റോഡിൽ തെന്നിവീണ് നിരവധി ബൈക്ക് യാത്രികർക്കാണ് പരിക്കേറ്റത്. ലോക്ഡൗണിനെ തുടർന്ന് ആളൊഴിഞ്ഞ റോഡിലൂടെ വാഹനങ്ങൾ അമിതവേഗത്തിൽ പായുന്നതും അപകടത്തിന് കാരണമാകുന്നു. പൊതുവെ നല്ല റോഡുകളാണ് കണ്ണൂർ നഗരത്തിലുള്ളത്. മാസങ്ങൾക്ക് മുമ്പാണ് റോഡുകൾ ടാർ ചെയ്തത്. തിരക്കൊഴിഞ്ഞതും പുതുതായി ടാർ ചെയ്തതുമായ റോഡുകളിലൂടെ അമിതവേഗത്തിലാണ് വാഹനങ്ങൾ പോകുന്നതെന്ന് നാട്ടുകാർ പറയുന്നു. ഭാരം കയറ്റിപ്പോകുന്ന വാഹനങ്ങളും അപകടത്തിൽപെടുന്നത് പതിവാണ്. രണ്ടാഴ്ചക്കിടെ മൂന്ന് വാതക ടാങ്കറുകളാണ് കണ്ണൂരിലും സമീപ പ്രദേശങ്ങളിലും അപകടത്തിൽപെട്ടത്. മൂന്നു സംഭവങ്ങളിലും തലനാരിഴക്കാണ് ദുരന്തം വഴിമാറിയത്.
കണ്ണൂർ പുതിയതെരു ധൻരാജ് ടാക്കീസിന് സമീപം ടാങ്കർ ഹോട്ടലിലേക്ക് ഇടിച്ചു കയറിയത് കഴിഞ്ഞദിവസമാണ്. പുലർെച്ച നടന്ന സംഭവത്തിൽ ടാങ്കറിൽ വാതകം ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.
മംഗളൂരുവിൽനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറി പുലർെച്ച മൂന്നോടെയാണ് മേലേ ചൊവ്വയിൽ കുത്തിറക്കത്തിൽ റോഡിൽ നിന്ന് തെന്നിമാറി ചരിഞ്ഞത്. മേയ് ആറിനാണ് നിറയെ ലോഡുമായി എത്തിയ ടാങ്കർ ചാലയിൽ മറിഞ്ഞത്. കൃത്യസമയത്ത് വാതകം മാറ്റിയതിനാൽ വലിയ അപകടമാണ് ഒഴിവായത്. ഈ സംഭവങ്ങൾക്ക് പിന്നാലെ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. ചരക്കുവാഹനങ്ങളിൽ രണ്ട് ഡ്രൈവർമാർ വേണമെന്ന് നിയമമുണ്ടെങ്കിലും പലപ്പോഴും പാലിക്കപ്പെടാറില്ല. അതേസമയം ജർമൻ സാങ്കേതിക വിദ്യയായ കോൾഡ് മില്ലിങ് ഉപയോഗിച്ച് ടാറിങ് നടത്തിയതാണ് വാഹനങ്ങൾ തെന്നിയുള്ള അപകടങ്ങൾക്ക് കാരണമെന്ന് ആരോപണമുണ്ടെങ്കിലും ഇതിൽ കഴമ്പില്ലെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്.
കോൾഡ് മില്ലിങ് ടാറിങ്ങിൽ തെന്നിവീഴുന്നുവെന്ന വാദം അടിസ്ഥാന രഹിതമാണെന്നും നിരവധി റോഡ് പരിശോധനകൾ അടക്കം നടത്തിയ ശേഷമാണ് കോൾഡ് മില്ലിങ് ടാറിങ് നടത്തിയതെന്നും ദേശീയപാത വിഭാഗം അസി. എക്സി. എൻജിനീയര്‍ ടി. പ്രശാന്ത് പറഞ്ഞു. ടാങ്കർ അപകടമുണ്ടായ ചാലയിലും പുതിയതെരുവിലും കോൾഡ് മില്ലിങ് ടാറിങ് നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പാപ്പിനിശ്ശേരി: അഗ്നിശമന സേനയുടെ ജീപ്പ് തോട്ടിലേക്ക് മറിഞ്ഞു. തലശ്ശേരിയിലെ അഗ്നിശമന സേനയുടെ ജീപ്പ് നിയന്ത്രണം വിട്ട് ദേശീയപാതയിൽ പാപ്പിനിശ്ശേരി വേളാപുരം തോട്ടിലേക്കാണ് മറിഞ്ഞത്. ജീപ്പിലുണ്ടായിരുന്ന അഗ്നിശമന സേന വിഭാഗം തലശ്ശേരി യൂനിറ്റിലെ ജീവനക്കാരായ ശശിധരൻ (55), ശിവപ്രസാദ് (53) എന്നിവർക്ക് പരിക്കേറ്റു.
ഇരുവരും പാപ്പിനിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രഥമ ശുശ്രൂഷ നേടിയതിനുശേഷം വിദഗ്ധ ചികിത്സക്കായി ആശുപത്രി വിട്ടു. അമിത വേഗതയില്‍ വന്ന ജീപ്പ് കലുങ്ക് ഭിത്തിയും സമീപത്തെ ഇരുമ്പ് പൈപ്പും തകര്‍ത്ത് തോട്ടിലേക്ക് മറിയുകയായിരുന്നു.
സമീപത്തെ വ്യാപാരികളായ റാഫി, ഗഫൂര്‍ എന്നിവര്‍ ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ബുധനാഴ്ച വൈകീട്ട് 4.30 നാണ് അപകടം. വാഹനത്തിെൻറ സിഗ്നൽ ലൈറ്റിെൻറ കേടുപാട് തീർക്കാനായി തളിപ്പറമ്പിൽ പോയി മടങ്ങുന്നതിനിടയിലാണ് അപകടം.
വേളാപുരത്തുനിന്ന് മാങ്കടവ് ഭാഗേത്തക്ക് മറ്റൊരു വാഹനം കയറുന്നതിനിടയിലാണ് അഗ്നിശമന സേനയുടെ വാഹനം നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞത്. ഇവിടം സ്ഥിരം അപകടം മേഖലയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.