representational image

കണ്ണൂർ: സഞ്ചാരികൾക്ക് ഹരിത കാഴ്ചകൾ നുകരാനും വയലുകളില്‍ നിറനെല്ല് സമൃദ്ധിയൊരുക്കാനും ലക്ഷ്യമിട്ട് കാനാമ്പുഴ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം 2023 ജനുവരി 31നകം പൂര്‍ത്തീകരിക്കും. രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എയുടെ അധ്യക്ഷതയില്‍ നടന്ന കാനാമ്പുഴ പുനരുജ്ജീവന പ്രവര്‍ത്തന അവലോകന യോഗത്തിലാണ് തീരുമാനം.

കാനാമ്പുഴയുടെ തീരത്ത് ഒരുക്കുന്ന നടപ്പാതകള്‍ ഡിസംബര്‍ 31നകം സജ്ജമാക്കുകയും സൗരവിളക്കുകള്‍ വിന്യസിക്കുകയും ചെയ്യും. നടപ്പാതയുടെ തുടക്കത്തില്‍ മിനി കഫറ്റീരിയകള്‍ സജ്ജമാക്കും. പ്രദേശത്തെ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന അരി, പച്ചക്കറികള്‍, മറ്റു കാര്‍ഷിക ഉല്‍പന്നങ്ങള്‍, മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ എന്നിവ കഫറ്റീരിയകളിലൂടെ വില്‍പന നടത്തും.

പുനരുജ്ജീവനത്തിന്റെ ഭാഗമായി പ്രദേശത്തെ വയലുകളില്‍ നെല്‍കൃഷി വ്യാപിപ്പിക്കാന്‍ സാധ്യമായ സാഹചര്യത്തില്‍ ഉൽപാദിപ്പിക്കുന്ന നെല്ല് കാനാമ്പുഴ റൈസ് എന്ന് പ്രത്യേകം ബ്രാൻഡ് ചെയ്ത് വില്‍പന നടത്തും. ഈ പ്രവര്‍ത്തനം ഏറ്റെടുക്കാനും യോഗം തീരുമാനിച്ചു.

2018ലാണ് കാനാമ്പുഴ പുനരുജ്ജീവന പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഇതിന്റെ ഭാഗമായി ഒമ്പത് കിലോമീറ്റര്‍ ദൂരത്തില്‍ പുഴ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്ക് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി. പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ വീടുകളില്‍ കിണര്‍ റീചാര്‍ജ് ചെയ്യല്‍, തെങ്ങുകള്‍ക്ക് തടം എടുക്കല്‍, തുടങ്ങിയ മണ്ണ്-ജല സംരക്ഷണ പ്രവര്‍ത്തനങ്ങളും നടപ്പാക്കും.

പുനരുജ്ജീവനത്തിന്റെ ഭാഗമായി മൂന്നു പ്രോജക്ടുകളിലായി എട്ടുകോടി 20 ലക്ഷം രൂപയുടെ പുഴ സംരക്ഷണ പ്രവൃത്തികള്‍ നടന്നുവരുന്നതായി യോഗം വിലയിരുത്തി.

കാനാമ്പുഴ പുനരുജ്ജീവന ജനകീയ സമിതി കണ്‍വീനര്‍ എന്‍. ചന്ദ്രന്‍, ഹരിത കേരളം മിഷന്‍ സംസ്ഥാന കണ്‍സൽട്ടന്റുമാരായ എബ്രഹാം കോശി, ടി.പി. സുധാകരന്‍, ഇറിഗേഷന്‍ വകുപ്പ് എൻജിനീയര്‍ ഗോപകുമാര്‍, ഹരിത കേരളം മിഷന്‍ പ്രോഗ്രാം ഓഫിസര്‍ സതീശന്‍, മിഷന്‍ ജില്ല കോഓഡിനേറ്റര്‍ ഇ.കെ. സോമശേഖരന്‍, മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് എ. അനിഷ, മണ്ണ് സംരക്ഷണം, ജലസേചനം വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, കണ്ണൂര്‍ കോര്‍പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ജനകീയ സമിതി പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

യോഗത്തിനുശേഷം രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എയുടെ നേതൃത്വത്തില്‍ ഹരിത കേരളം മിഷന്‍ പ്രതിനിധികളും ഉദ്യോഗസ്ഥരും ജനകീയ കമ്മിറ്റി പ്രതിനിധികളും പ്രവൃത്തി നടക്കുന്ന എളയാവൂര്‍ ചീപ്പ്പാലം പ്രദേശം സന്ദര്‍ശിച്ച് നിർമാണപ്രവൃത്തി വിലയിരുത്തി.

Tags:    
News Summary - kanambuzha renovation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.