എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അൻസാരി, ഭാര്യ ശബ്ന, ശിഹാബ്

കണ്ണൂർ മയക്കുമരുന്ന് കേസ്: ദമ്പതികൾ അടക്കം മൂന്നുപേർ കൂടി പിടിയിൽ

കണ്ണൂർ: സംസ്ഥാനത്തെ വലിയ എം.ഡി.എം.എ വേട്ട ഉൾപ്പെടെയുള്ള കണ്ണൂരിലെ മയക്കുമരുന്ന് കേസുകളിൽ ദമ്പതികൾ അടക്കം മൂന്നുപേർ കൂടി പിടിയിൽ. മാടായി പുതിയങ്ങാടി ചൂരിക്കടത്ത് സി.എച്ച്. ഷിഹാബ്(35), തയ്യിൽ ചെറിയ ചിന്നപ്പന്‍റവിട വീട്ടിൽ സി.സി. അന്‍സാരി(33), ഭാര്യ കുറുവ നേമൽ സി.സി. ശബ്ന എന്ന ആതിര അനി(26) എന്നിവരാണ് കണ്ണൂരിൽ അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.

കേസുകളിലെ മുഖ്യപ്രതി തെക്കീബസാർ റാബിയ മന്‍സിലിൽ നിസാം അബ്ദുൽ ഗഫൂർ(35), മുഴപ്പിലങ്ങാട് സ്വദേശി തോട്ടൻറവിട ഹൗസിൽ അഫ്സൽ(33), ഭാര്യ ബൾകീസ് ചരിയ(31) എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. ഇവരിൽനിന്ന് മയക്കുമരുന്ന് വാങ്ങി മറിച്ചുവിൽക്കുന്ന കൂട്ടാളികളാണ് ഇപ്പോൾ അറസ്റ്റിലായത്. നേരത്തേ പിടിയിലായ മുഖ്യപ്രതി നിസാമി‍െൻറ അക്കൗണ്ടിലേക്ക് ലക്ഷങ്ങളാണ് ഇവർ കൈമാറിയത്. നി

സാമുമായി നടത്തിയ ശബ്ദസന്ദേശങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു. ഇതി‍െൻറ അടിസ്ഥാനത്തിലാണ് കൂടുതൽ കൂട്ടാളികളെ കൂടി പൊലീസ് പിടികൂടിയത്. രണ്ടുമാസം മുമ്പ് കണ്ണൂര്‍ സിറ്റി സെന്‍ററില്‍ അന്‍സാരിയെയും ശബ്നയുടെ സഹോദരനെയും മയക്കുമരുന്നുമായി എക്സൈസ് സംഘം പിടികൂടിയിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. ആവശ്യക്കാർക്ക് മയക്കുമരുന്ന് എത്തിച്ചത് ശബ്നയുടെ നേതൃത്വത്തിലാണെന്നും വിവരമുണ്ട്.

ഇവരുടെ അക്കൗണ്ടിൽനിന്നാണ് നിസാമിന് പണം കൈമാറിയത്. നിസാം തെൻറ മയക്കുമരുന്നു വില്‍പനയുടെ സൗകര്യത്തിനായി അന്‍സാരിയെയും ശബ്നയെയും ബല്‍ക്കീസ് ആദ്യം താമസിച്ചിരുന്ന വീട്ടില്‍ താമസിപ്പിക്കുകയായിരുന്നു. നിസാമാണ് വീട്ടു വാടകയും മറ്റും നല്‍കിയിരുന്നത്. ബല്‍ക്കീസ് പൊലീസ് പിടിയില്‍ ആയതിനുശേഷവും മയക്കുമരുന്നു എത്തിച്ച് ഇവര്‍ വില്‍പന നടത്തിയതായി പൊലീസ് പറഞ്ഞു.

ടൗൺ സ്റ്റേഷനിൽ എത്തിച്ച പ്രതികൾ കേസുമായി ബന്ധമില്ലെന്നു പറഞ്ഞ് നിലവിളിച്ച് സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. ഇവരെ കാണാനെത്തിയ സഹോദരൻ ക്ഷുഭിതനായി പൊലീസ് സ്റ്റേഷൻ പരിസരം നിർത്തിയിട്ട വാഹനത്തി‍െൻറ ഹെഡ്ലൈറ്റ് തകർത്തു. രണ്ടുകിലോയോളം എം.ഡി.എം.എ അടക്കമുള്ള മയക്കുമരുന്നുമായി രണ്ടാഴ്ച മുമ്പ് മുഴപ്പിലങ്ങാട് സ്വദേശികളായ ദമ്പതികൾ അഫ്സലും ബൾകീസും പിടിയിലായതോടെയാണ് കണ്ണൂർ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് മാഫിയയെ കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്.

ഇവരുടെ ബന്ധു തെക്കീബസാറിലെ നിസാം വഴിയാണ് ബംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് മയക്കുമരുന്ന് ഒഴുകിയത്. ഇവരുടെ ബന്ധു മരക്കാര്‍കണ്ടി കരീലകത്ത് ജനീസി‍െൻറ പടന്നപ്പാലം പാസ്പോർട്ട് ഓഫിസിന് സമീപമുള്ള ഇന്‍റീരിയർ ഡിസൈനിങ് സ്ഥാപനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലും എൽ.എസ്.ഡി സ്റ്റാമ്പുകളും മോളി ഗുളികകളും കണ്ടെടുത്തിരുന്നു. ഇതോടെയാണ് മയക്കുമരുന്ന് കടത്തിന് പിന്നിലെ റാക്കറ്റിനെ കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്.

സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോയുടെ നേതൃത്വത്തിൽ രണ്ട് എ.സി.പിമാരും എടക്കാട്, കണ്ണൂർ സിറ്റി സ്റ്റേഷനുകളിലെ ഇൻസ്പെക്ടർമാരും സൈബർ വിദഗ്ധരും അടങ്ങുന്ന പ്രത്യേകാന്വേഷണ സംഘമാണ് സംഘത്തെ കുടുക്കിയത്.

വിദേശികൾ അടക്കം കൂടുതൽപേർ അറസ്റ്റിലാവും

മയക്കുമരുന്ന് മാഫിയയിൽ കണ്ണികളായ കൂടുതൽപേർ കൂടി ഇനിയും അറസ്റ്റിലാകുമെന്നാണ് വിവരം. നൈജീരിയൻ സ്വദേശികൾ അടക്കമുള്ളവർ കേസിൽ പ്രതികളാകുമെന്നും വിവരമുണ്ട്. പ്രത്യേക അന്വേഷണ സംഘം നൈജീരിയക്കാരനായ യുവാവിനെ ബംഗളൂരുവില്‍ നിന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.

നിസാമി‍െൻറ പരിചയക്കാരായ കൂടുതൽപേരിലേക്ക് അന്വേഷണമെത്തും. കോടികളുടെ ഇടപാടുകൾക്ക് പിന്നിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ്. അതേസമയം, ഒളിവിൽ കഴിയുന്ന മരക്കാര്‍കണ്ടി ജനീസിനായുള്ള അന്വേഷണവും പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇയാൾ സംസ്ഥാനം വിട്ടതായാണ് വിവരം.

Tags:    
News Summary - Kannur drug case: Three more arrested including couple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.