കേളകം: ആറളം ഫാമിൽ കൊന്നും കൊലവിളിച്ചും അക്രമാസക്‌തമായ കാട്ടാനകൾ എട്ടു വർഷത്തിനകം ചവിട്ടിയരച്ചത് 13 ജീവനുകൾ. ഒടുവിൽ കാട്ടാനക്കൊമ്പിൽ ജീവൻ പൊലിഞ്ഞത് ഫാം ഒമ്പതാം ബ്ലോക്കിലെ വാസുവെന്ന യുവാവിന്റെത്. ജൂലൈ 14ന് ഫാം ഏഴാം ബ്ലോക്കിൽ താമസക്കാരനായ പുതുശ്ശേരി ദാമു(46) ആനയുടെ ചവിട്ടേറ്റ് മരിച്ചു.
ആറളം വന്യജീവി സങ്കേതത്തിലുള്ളതിനേക്കാൾ ഏറെ ആനകൾ അധിവസിക്കുന്ന ഇടമായി ഈ വർഷങ്ങൾക്കിടയിൽ ആറളം ഫാം മാറി. കൃത്യമായ കണക്കില്ലെങ്കിലും നാൽപതോളം ആനകൾ ഫാം അധീന മേഖലയിലും ആദിവാസി പുനരധിവാസ മേഖലയിലും ഉണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.
വർഷം കഴിയുന്തോറും ഇവയുടെ ആധിക്യവും ആക്രമണവും കൂടിക്കൂടി വരികയാണ്. ആറളം, മുഴക്കുന്ന്, പേരാവൂർ, ഇരിട്ടി പഞ്ചായത്തുകളിലും കാട്ടാനകൾ എത്തുന്നത് നിത്യസംഭവമായി മാറി. 3500 ആദിവാസികളെ ആറളം ഫാമിൽ പുനരധിവസിപ്പിച്ചതല്ലാതെ അവർക്ക് വന്യജീവികളിൽനിന്ന് സുരക്ഷയൊരുക്കാൻ സർക്കാറുകൾക്കായില്ല.
അതിന്റെ ഫലമായി കാട്ടാനക്കൊമ്പുകളിൽ ആദിവാസി ജീവനുകൾ പൊലിയുകയാണ്. 2014 ഏപ്രിൽ 20ന് ബ്ലോക്ക് 11ലെ ആദിവാസി മാധവിയാണ് ആദ്യം ആനയുടെ കുത്തേറ്റ് മരിച്ചത്. തുടർന്ന് 2015 മാർച്ച് 24ന് ബ്ലോക്ക് ഏഴിലെ ബാലനെയും കാട്ടാന കുത്തി വീഴ്‌ത്തി. ഗുരുതര പരിക്കേറ്റ ബാലൻ ഏപ്രിൽ നാലിന് മരിച്ചു.
ഫാമിൽ ഏറ്റവും കൂടുതൽ പേർ കാട്ടാന ആക്രമണത്തിൽ മരിച്ചത് 2017ലാണ്. അഞ്ചുപേരെയാണ് കാട്ടാന ആ വർഷം ആക്രമിച്ച് കൊന്നത്. ജനുവരി 10ന് നരിക്കടവിലെ അഞ്ചാനിക്കൽ ബിജു ആനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടു. ഫെബ്രുവരി രണ്ടിന് അമ്പായത്തോട്ടിലെ ഗോപാലൻ പൊയ്യ, മാർച്ച് എട്ടിന് ആറളം ഫാം ബ്ലോക്ക് പത്തിലെ കോട്ടപ്പാറയിൽ നാരായണന്റെ ഭാര്യ അമ്മിണി, ഏപ്രിൽ അഞ്ചിന് ആറളം ഫാം കൈതച്ചക്ക കൃഷിയിടത്തിൽ െച്ച് റജി എന്നിവരും ആനയാക്രമണത്തിൽ കൊല്ലപ്പെട്ടു.
18 ഒക്‌ടോബർ 29ന് ആറളം ഫാമിലെ ആദിവാസി വീട്ടമ്മ ദേവു, ഡിസംബർ എട്ടിന് ആദിവാസിയായ കുഷ്‌ണൻ ചപ്പിലി, 2020 ഏപ്രിൽ 26ന് ഫാം തൊഴിലാളിയായ ആറളം പന്നിമൂലയിലെ ബന്നപ്പാലൻ നാരായണൻ എന്നിവരും കാട്ടാന അക്രമത്തിൽ കൊല്ലപ്പെട്ടു.
ഒക്‌ടോബർ31ന് ആറളം ഫാമിലെ ആദിവാസി യുവാവ് സതീഷ്(ബബീഷ്) വീട്ടിലേക്കുള്ള യാത്രക്കിടയിൽ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു. ആറളം ഫാമിലെ കാട്ടാനയാക്രമണത്തിന്റെ പതിനൊന്നാമത് ഇരയായിരുന്നു ഈ വർഷം ജനുവരി 31ന് കൊല്ലപ്പെട്ട ചെത്ത് തൊഴിലാളി കൊളപ്പ പാണലാട്ടെ റിജേഷ്. രാവിലെ ബ്ലോക്ക് ഒന്നിലാണ് കാട്ടാന ഓടിച്ച് റിജേഷിനെ ചവിട്ടിക്കൊന്നത്. പന്ത്രണ്ടാമത് ഇരയായി ദാമു മാറി.
2021 സെപ്റ്റം 26ന് പുലർച്ച ഏഴിന് പെരിങ്കരിയിൽ ചെങ്ങഴശേരി ജസ്റ്റിൻ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതും നാടിനെ നടുക്കി. ഫാമിന്റെ വനാതിർത്തിയിൽ 22 കോടി രൂപ ചെലവിൽ ആനമതിൽ നിർമിക്കാനുള്ള പദ്ധതി നാലുവർഷമായി ചുവപ്പുനാടയിൽ കുടുങ്ങിക്കിടപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.