കേളകം: ആറളം ഫാമിലും പുനരധിവാസ മേഖലയിലും തമ്പടിച്ച കാട്ടാനകളെ തുരത്തൽ ദൗത്യം താൽകാലികമായി നിർത്തിവെച്ചു. സബ് കലക്ടർ അധ്യക്ഷനായി ഫാം ഓഫിസിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ചുരുങ്ങിയ ദിവസം കൊണ്ട് വളയഞ്ചാൽ പൂക്കുണ്ട് മുതൽ കോട്ടപ്പാറ പരിപ്പുതോടുവരെ വനാതിർത്തിയിലൂടെ താൽക്കാലിക ഫെൻസിങ് തീർത്തുകൊണ്ടാണ് കാട്ടാന പ്രതിരോധത്തിനുള്ള ആദ്യപടി പൂർത്തിയാക്കിയത്. പുനരധിവാസ മേഖലയിൽ തമ്പടിച്ച കാട്ടാനകളെ നാലാം തീയതി മുതലാണ് വനത്തിലേക്ക് തുരത്തിയത്. എസ്.എസ്.എൽ.സി പരീക്ഷാ സമയമായതിനാൽ വൈകുന്നേരങ്ങളിലായിരുന്നു ദൗത്യം.
പൊതു അവധിയായ മൂന്നുദിവസം ആറളം കൃഷി ഫാമിൽ തമ്പടിച്ച കാട്ടാനകളെ തുരത്തുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചത്. ആദ്യദിവസം അഞ്ചോളം കാട്ടാനകളെ വനത്തിലേക്ക് കടത്തി. ശനിയാഴ്ച രണ്ട് കൊമ്പന്മാരെയും 13 എണ്ണമുള്ള മറ്റൊരു കൂട്ടത്തെയും വനത്തിലേക്ക് കടത്താനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഞായറാഴ്ച രാവിലെ ബ്ലോക്ക് ഒന്ന്, രണ്ട്, നാല് ഭാഗങ്ങളിൽ തമ്പടിച്ച രണ്ട് ചെറിയ കുട്ടികൾ അടക്കമുള്ള ഏഴ് അംഗ കാട്ടാനക്കൂട്ടത്തെ ആറളം ഫാം സ്കൂളിന്റെ പരിസരത്ത് റോഡ് കടത്തി, ഹെലിപ്പാട് വഴി താളിപ്പാറ റോഡും കോട്ടപ്പാറ കുന്നും കടത്തി വനത്തിലേക്ക് വിട്ടു. മടങ്ങി വരാതിരിക്കാൻ വനാതിർത്തിയിൽ ഫെൻസിങ് ചാർജ് ചെയ്തു. രാത്രികാലത്ത് ആർ.ആർ.ടി സംഘത്തെയും മറ്റൊരു ടീമിനെയും സ്ഥിരമായി കാട്ടാനകളെ ജനവാസ കേന്ദ്രത്തിൽ ഇറങ്ങുന്നത് തടയുന്നതിന് നിയോഗിച്ചു.
നിരവധി ആളുകൾ താമസിക്കുന്ന ആറളം പുനരധിവാസ മേഖലയുടെയും പരീക്ഷാക്കാലം ആയതിനാൽ വിദ്യാർഥികളുടെയും സുരക്ഷക്കാണ് നിലവിൽ കാട്ടാന പ്രതിരോധം നടത്തിയത്. കാട്ടാന പ്രതിരോധത്തിന് കണ്ണൂർ ഡി.എഫ്.ഒ വൈശാഖിന്റെ നിർദേശത്തിൽ ആറളം വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ ജി. പ്രദീപ് നേതൃത്വം നൽകി. സംഘത്തിൽ കൊട്ടിയൂർ റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ സുധീർ നെരോത്ത്, ആറളം വന്യജീവി സങ്കേതം അസി. വൈൽഡ് ലൈഫ് വാർഡൻ പി. പ്രസാദ്, കൊട്ടിയൂർ റേഞ്ചിലെ സ്റ്റാഫും വാച്ചർമാരും ആറളം വന്യജീവി സങ്കേതത്തിലെ സ്റ്റാഫും വാച്ചർമാരും ആറളം ഫാം ജീവനക്കാരും ടി.ആർ.ഡി.എം പ്രതിനിധികളും സന്നദ്ധ സംഘവും സംബന്ധിച്ചു. പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനും വാഹന സഞ്ചാരം നിയന്ത്രിക്കുന്നതിനും പൊലീസും റവന്യൂ മെഡിക്കൽ സംഘവും ട്രൈബൽ വകുപ്പും ദൗത്യത്തിൽ പങ്കെടുത്തു.
ആറു മാസമായി ശമ്പളമില്ലാതെ വനം വകുപ്പിലെ ദിവസവേതനക്കാർ ദുരിതത്തിൽ
കേളകം: ആറളം വന്യജീവി സങ്കേതത്തിലെ ദിവസ വേതനക്കാരായ വാച്ചർമാർ ഉൾപ്പെടെ താൽക്കാലിക ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിട്ട് ആറ്മാസം പിന്നിടുന്നു. കാട്ടാന തുരത്തൽ ഉൾപ്പെടെ സാഹസിക ജോലിക്ക് നിയോഗിക്കപ്പെടുന്ന വാച്ചർമാരാണ് ശമ്പളം മുടങ്ങിയതിനാൽ വരുമാനമില്ലാതെ ദുരിതക്കയത്തിലായത്. വാച്ചര്‍, ഡ്രൈവര്‍, ക്ലറിക്കല്‍ തസ്തികകളിലെ താൽക്കാലിക ജീവനക്കാര്‍ എന്നിവർക്ക് ആറു മാസത്തെ ശമ്പളം ലഭിച്ചിട്ടില്ല. വരുമാനമില്ലാതെ കഷ്ടപ്പെടുന്നവരില്‍ ആദിവാസികളുമുണ്ട്.
വനംവകുപ്പിന്റെ ഫോറസ്റ്റ് പ്രൊട്ടക്ഷന്‍ ബജറ്റ് വിഹിതത്തില്‍ നിന്നാണ് ദിവസവേതനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ടത്. ഇതില്‍ പണമില്ലാതായതാണു പ്രതിസന്ധിക്കു കാരണം. മൂവായിരത്തോളം ദിവസവേതനക്കാരാണ് സംസ്ഥാനത്തുള്ളത്. ജില്ലയിലാകട്ടെ 98 ദിവസ വേതനക്കാരും. ഇതില്‍ കണ്ണുർ ഡിവിഷനു കീഴിലെ തൊഴിലാളികൾക്ക് മാസം മുമ്പ് ശമ്പളം ലഭിച്ചിരുന്നു. ആറളം വന്യജീവി സങ്കേതത്തിലെ താൽക്കാലിക ജീവനക്കാർക്ക് ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ഫെബ്രുവരി ഒന്നിന് ഇരിട്ടി വൈൽഡ് ലൈഫ് ഓഫിസിനു മുന്നിൽ വാച്ചർമാരുടെ സമരം നടത്താൻ തീരുമാനിച്ചിരുന്നു. ശമ്പള കുടിശ്ശികയായ മുഴുവൻ തുകയും ഫെബ്രുവരി 15ന് മുമ്പായി കൊടുത്തുതീർക്കാം എന്നും ജോലിക്ക് ഹാജരാകുന്ന മുഴുവൻ ദിവസവും മസ്ട്രോൾ നൽകുമെന്നും ഉറപ്പുനൽകിയായിരുന്നു ഒത്ത് തീർപ്പ്. തുടർന്നാണ് ഫോറസ്റ്റ് വർക്കേഴ്സ് യൂനിയൻ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ നിശ്ചയിച്ച സമരം ഉപേക്ഷിച്ചത്.
വിവിധ തസ്തികകളില്‍ 675 മുതല്‍ 900 രൂപവരെയാണ് ഇവരുടെ ദിവസവേതനം. പണമില്ലാത്തതിനാല്‍ വനംവകുപ്പ് സ്റ്റേഷനുകളിലെ ദൈനംദിന പ്രവര്‍ത്തനങ്ങളും അവതാളത്തിലാണ്. ശമ്പളമില്ലാതെ ജോലി ചെയ്യാൻ കഴിയാതായതോടെ ജീവിതം വഴിമുട്ടിയ താൽക്കാലിക ജീവനക്കാർ വീണ്ടും സമരത്തിനൊരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.