കോഴിക്കോട്: പ്രവാസിയുടെ പാസ്പോർട്ട് നിയമ വിരുധമായി തടഞ്ഞുവെച്ച ഡിവൈ.എസ്.പിക്കെതിരെ നടപടി. ആരോപിക്കപ്പെട്ട കുറ്റങ്ങളെല്ലാം തെളിഞ്ഞതിനാൽ ഡിവൈ.എസ്.പി പി.ബി. പ്രശോഭിന്റെ രണ്ട് വാർഷിക വേതന വർധനവ് തടഞ്ഞ് ഉത്തരവായി. ഡിവൈ.എസ്.പിയായിരുന്നപ്പോൾ കേസ് അന്വേഷണത്തിന്റെ ഭാഗമായി മലപ്പുറം സ്വദേശി ഉമ്മർ എടുപൊടിയെൻ എന്ന പ്രവാസിയുടെ പാസ്പോർട്ട് അധികാരപരിധി ദുരുപയോഗിച്ച് 2013 ആഗസ്റ്റ് 26ന് പിടിച്ചെടുത്തുവെന്നാണ് പരാതി.
ഒക്ടോബർ 10ന് സൗദി അറേബ്യയിലേക്ക് മടങ്ങിപ്പോകേണ്ട ഉമ്മർ തടഞ്ഞുവെച്ച പാസ്പോർട്ട് തിരികെ ലഭിക്കാൻ ഹൈകോടതിയിൽ ഹരജി നൽകി. പാസ്പോർട്ട് പിടിച്ചെടുത്ത നടപടിയിൽ ഒക്ടോബർ 22ന് ഹൈകോടതി അതൃപ്തി രേഖപ്പെടുത്തി. തുടർന്ന് ഇക്കാര്യം കത്തിലൂടെ എ.ഡി.ജി.പിയെ അറിയിച്ചു. സംഭവം അന്വേഷിക്കാൻ എ.ഡി.ജി.പി പ്രശോഭിന് ഫോണിൽ ബന്ധപ്പെട്ടപ്പോൾ മോശമായ രീതിയിൽ ധിക്കാരത്തോടെയാണ് മറുപടി നൽകിയത്. തുടർന്ന് ആരോപണം സംബന്ധിച്ച് അന്വേഷണം നടത്താൻ മലപ്പുറം പൊലീസ് മേധാവിയെ ചുമതലപ്പെടുത്തി.
അന്വേഷണ റിപ്പോർട്ടുകളെല്ലാം ഡി.വൈ.എസ്.പിക്ക് എതിരായി. ഉമ്മർ എടുപൊടിയന്റെ പാസ്പോർട്ട് ഡിവൈ.എസ്.പിക്ക് നിയമപരമായി പിടിച്ചെടുക്കാൻ കഴിയില്ലെന്ന് അഡ്വക്കേറ്റ് ജനറൽ ഓഫിസ് റിപ്പോർട്ട് നൽകി. പാസ്പോർട്ട് പിടിച്ചെടുത്ത നടപടി നിയമവിരുധമാണെന്നും ചൂണ്ടിക്കാട്ടി. ഇതോടെ അധികാര ദുർവിനിയോഗം നടത്തിയാണ് പാസ്പോർട്ട് ബന്തവസിൽവെച്ചതെന്ന് വ്യക്തമായി.
എസ്.ഐ റാങ്കിന് മുകളിലുള്ള പൊലീസ് ഉദ്യോഗസ്ഥന് വസ്തുനിഷ്ഠമായ സംശയത്തിന്റെ അടിസ്ഥാനത്തിൽ ഒരാളിന്റെ പാസ്പോർട്ട് പിടിച്ചെടുക്കാമെങ്കിലും അത് കോടതിൽ സമർപ്പിക്കേണ്ടതാണ്. എന്നാൽ, ഉമ്മറിന്‍റെ കേസിൽ ഡിവൈ.എസ്.പി നിയമപരമായി നടപടി സ്വീകരിക്കാതെ പാസ്പോർട്ട് സ്വന്തം കസ്റ്റഡിയിലാണ് വെച്ചിരുന്നത്. ഇത് പാസ്പോർട്ട് ആക്ടിന്റെ വ്യക്തമായ ലംഘനമാണ്. പാസ്പോർട്ട് പിടിച്ചെടുക്കാനുള്ള അധികാരം പാസ്പോർട്ട് അധികാരിക്കാണുള്ളത്. പാസ്പോർട്ട് ആക്ടിലെ വകുപ്പ് 14(1) തെറ്റായി വ്യാഖ്യാനിച്ച് പാസ്പോർട്ട് ഡിവൈ.എസ്.പി പിടിച്ചെടുത്തത് നിയമവിരുധമാണെന്ന് അന്വേഷണത്തിൽ വ്യക്തമായതോടെയാണ് വകുപ്പുതല നടപടി സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.