കേളകം: വിനോദസഞ്ചാരികൾ ഒഴുകിയെത്തുന്ന അടക്കാത്തോട് ടൗൺ വികസനത്തിന് സമഗ്ര പദ്ധതികൾ തയാറാക്കി കേളകം പഞ്ചായത്ത്. ടൗൺ ശുചിത്വം പൂർണമായി സംരക്ഷിക്കുന്നതിനെക്കുറിച്ചും സൗന്ദര്യവത്കരണം നടപ്പാക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നതിനായി കേളകം പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ സംഘടന പ്രതിനിധികളുടെ യോഗം അടക്കാത്തോട് സാംസ്കാരിക നിലയത്തിൽ നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കുറ്റ്, അംഗങ്ങളായ ടോമി പുളിക്കക്കണ്ടം, സജീവൻ പാലുമ്മി, ബിനു മാനുവൽ, കേളകം വികസന സമിതി ചെയർമാൻ ജോർജ്കുട്ടി കുപ്പക്കാട്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് സെക്രട്ടറി വി.ഐ. സൈദ് കുട്ടി, ചെട്ടിയാംപറമ്പ സഹകരണ ബാങ്ക് പ്രസിഡന്റ് സിബിച്ചൻ അടുക്കോലിയിൽ, ഓട്ടോ ഡ്രൈവേഴ്സ് യൂനിയൻ പ്രതിനിധി അൻസാദ്, ഇ.എസ്. സത്യൻ തുടങ്ങിയവർ പങ്കെടുത്തു.
അടക്കാത്തോട് ടൗണിലെ സാംസ്കാരിക നിലയം ഓഡിറ്റോറിയമാക്കി വികസിപ്പിക്കുന്നതിന് പദ്ധതി തയാറാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് പറഞ്ഞു. ബസ് സ്റ്റാൻഡ് പരിസരത്തും ടൗണിലും മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ നടപടി സ്വീകരിക്കും.
അടക്കാത്തോട് ടൗൺ സൗന്ദര്യവത്കരണത്തിന് വിപുലമായ പദ്ധതി ജനപങ്കാളിത്തത്തോടെ നടപ്പാക്കും. വിനോദസഞ്ചാര മേഖലയായ പാലുകാച്ചിയുമായി ബന്ധിക്കുന്ന അടക്കാത്തോട് ശാന്തിഗിരി- പാലുകാച്ചി റോഡ്, അടക്കാത്തോട് നാരങ്ങ- ശാന്തിഗിരി റോഡ്, അടക്കാത്തോട്-കരിയംകാപ്പ്- രാമച്ചി-ശാന്തിഗിരി റോഡ് എന്നിവ ശുചീകരണ പ്രവർത്തനം നടത്തി മോടി പിടിപ്പിക്കും. പാതയോരങ്ങളിൽ ചെടികളും ഫലവൃക്ഷ തൈകൾ നട്ട് സൗന്ദര്യവത്കരണം നടത്തുന്നതിനും തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.