കേളകം: കരുതൽമേഖല മാപ്പിലെ അവ്യക്തതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മലയോരത്ത് പ്രതിഷേധം ശക്തമാകുന്നു. കേളകം വില്ലേജ് ഓഫിസിൽ കേരള ഇൻഡിപെൻഡൻസ് ഫാർമേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കർഷകർ പ്രതിഷേധിച്ചു. ബഫർസോൺ മാപ്പ് ജനങ്ങളെ രക്ഷിക്കാനോ ശിക്ഷിക്കാനോ എന്ന ചോദ്യവുമായി കൊട്ടിയൂർ വനംവകുപ്പ് ഓഫിസിനു മുന്നിൽ യൂത്ത് കോൺഗ്രസ് ധർണയും അരങ്ങേറി.
പരിസ്ഥിതിലോല മേഖലയിൽ പഞ്ചായത്ത്തല വിദഗ്ധസമിതികൾ രൂപവത്കരിച്ച് ഗ്രൗണ്ട്സർവേയും പഠനവും നടത്തിവേണം ബഫർസോൺ പരിധി സംബന്ധിച്ച റിപ്പോർട്ട് തയാറാക്കേണ്ടതെന്ന് കർഷകസംഘടനകൾ ആവശ്യപ്പെട്ടു. നിലവിൽ ഉപഗ്രഹ സർവേയിലൂടെ തയാറാക്കി സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടും ഭൂപടവും പൂർണമല്ലെന്ന് ജനവാസമേഖലകളിൽനിന്നും പരാതികൾ ഉയരുന്നതിനാലാണ് ബഫർസോണിൽ നേരിട്ടുള്ള പരിശോധന വേണമെന്ന ആവശ്യം ഉയരുന്നതെന്നും കർഷകർ പറയുന്നു.
വില്ലേജ് ഓഫിസർ ജോമോൻ ജോസഫിന്റെ മുമ്പിൽ ആറളം വന്യജീവി സങ്കേതത്തിന്റെ മാപ്പ് സമർപ്പിച്ച് തങ്ങളുടെ വീടുകൾ എവിടെയെന്ന് മാർക്ക് ചെയ്തുതരണമെന്നും കർഷകർ ആവശ്യപ്പെട്ടു. സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്ന മാപ്പ് അവ്യക്തമാണെന്നും ഇതുപ്രകാരം വീടുകളും കൃഷിയിടങ്ങളും മറ്റു അനുബന്ധ സ്ഥാപനങ്ങളും കണ്ടുപിടിക്കാനാകില്ലെന്നും വില്ലേജ് ഓഫിസർ പറഞ്ഞു.
ബഫർ സോൺ സംബന്ധിച്ച് അടിയന്തര ബോർഡ് യോഗം ചേരുമെന്നും പ്രമേയം പാസാക്കി സർക്കാറിന് നൽകുമെന്നുമാണ് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചത്. ഹെൽപ് ഡെസ്ക് ആരംഭിക്കുന്നതിനെക്കുറിച്ചുള്ള അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും എന്നു തുടങ്ങും എന്നതിനെക്കുറിച്ചുള്ള വ്യക്തമായ ധാരണയില്ലെന്നും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.
കേളകം പഞ്ചായത്തിലെ ഏഴ് വാർഡുകൾ ബഫർസോൺ പരിധിയിൽവരുന്ന പ്രദേശമാണെന്നും പ്രദേശത്തെ ആയിരക്കണക്കിന് ജനങ്ങൾ ആശങ്കയിലാണെന്നും കസ്തൂരിരംഗൻ സംഭവത്തിലുണ്ടായ സംഭവങ്ങൾ അധികാരികൾ ഒാർക്കണമെന്നും കിഫ നേതാക്കൾ പറഞ്ഞു.
കിഫ ഭാരവാഹികളായ ജിജി മുക്കാട്ടുകാവുങ്കൽ, എം.ജെ. റോബിൻ, ടോമി ചാത്തൻപാറ, ഗ്രേസൺ ഉള്ളാഹയിൽ, ഷാജി മുഞ്ഞനാട്ട് തുടങ്ങിയവർ നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വനം ഓഫിസ് ധർണ കൊട്ടിയൂർ മണ്ഡലം പ്രസിഡന്റ് നിഖിൽ പള്ളിക്കമാലിന്റെ അധ്യക്ഷതയിൽ ജില്ല സെക്രട്ടറി ജിജോ അറക്കൽ ഉദ്ഘടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.