കേളകം: ആറളം ഫാമിനും ആദിവാസി പുനരധിവാസ മേഖലയിലെ ആയിരങ്ങൾക്കും പ്രതീക്ഷ നൽകി ആറളം ഫാമിൽ മന്ത്രി സംഘത്തിന്റെ സന്ദർശനം. വനാതിർത്തിയിൽ ആനമതിൽ സമയബന്ധിതമായി നിർമിക്കുമെന്ന് ജനങ്ങൾക്ക് മന്ത്രിമാർ ഉറപ്പുനൽകി. മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ, എം.വി. ഗോവിന്ദൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.
കഴിഞ്ഞ ദിവസം ചെത്തുതൊഴിലാളി ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് മരിക്കുകയും വനം വകുപ്പിനും സർക്കാറിനുമെതിരെയുണ്ടായ ജനരോഷവും കണക്കിലെടുത്താണ് പ്രശ്നപരിഹാരത്തിന് മന്ത്രിസംഘം ആറളത്തെത്തിയത്.
ആറളം ഫാമിനെയും ആദിവാസി പുനരധിവാസ മേഖലയെയും കാട്ടാനകളുടെ പിടിയിൽനിന്ന് മോചിപ്പിക്കാൻ വനാതിർത്തികളിൽ 22 കോടി രൂപ ചെലവിൽ വിഭാവനം ചെയ്ത ആനമതിൽ പദ്ധതി സമയബന്ധിതമായി നടപ്പാക്കും. തുക കൂടുതൽ ആവശ്യമായി വന്നാൽ കണ്ടെത്തുന്നതിന് നടപടിയുണ്ടാവുമെന്നും മന്ത്രിമാർ പ്രഖ്യാപിച്ചു. ആറളം ഫാം മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നടത്തിയ ജനപ്രതിനിധികളുടെയും വിവിധ സംഘടന പ്രതിനിധികളുടെയും വിവിധ വകുപ്പ് മേധാവികളുടെയും യോഗത്തിലാണ് തീരുമാനമുണ്ടായത്. ആറളത്ത് മറ്റൊരു ദുരന്തം ഉണ്ടാവുംമുമ്പ് ആനമതിൽ നിർമാണം ആരംഭിക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. കോടതിയിൽ നിലവിലുള്ള കേസുകൾ ആനമതിൽ പദ്ധതി വൈകാൻ കാരണമായെന്നും ഇത് പിൻവലിക്കാമെന്നും ജനപ്രതിനിധികൾ അറിയിച്ചു. ആനമതിൽ പ്രവൃത്തി ഉടൻ ആരംഭിക്കണം.
മാസ്റ്റർ പ്ലാൻ തയാറാക്കാനും കാട്ടാനകളെ ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്താനും നടപടിവേണമെന്ന് ആവശ്യമുയർന്നു. ഫാമിലെ അടിക്കാട് വെട്ടിത്തെളിക്കാൻ തൊഴിലുറപ്പ് പദ്ധതി, ആറളം ട്രൈബൽ റീസെറ്റിൽമെൻറ് ആൻഡ് ഡെവലപ്മെൻറ് മിഷൻ (ടി.ആർ.ഡി.എം), വനം വകുപ്പ് എന്നിവയുടെ സഹായത്തോടെ പദ്ധതി തയാറാക്കി സമർപ്പിക്കണം. ആനമതിൽ സ്ഥാപിക്കുന്നതുവരെ സംരക്ഷണത്തിനായി വൈദ്യുതി തൂക്കുവേലി സ്ഥാപിക്കാനും യോഗത്തിൽ ആവശ്യമുയർന്നു.
ആറളം ഫാം മേഖലയിലും സമീപപ്രദേശങ്ങളിലുമായി എട്ടു വർഷത്തിനിടെ 12 പേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് യോഗത്തിൽ ചർച്ചയായി. യോഗത്തിൽ എം.എൽ.എമാരായ കെ.കെ. ശൈലജ, സണ്ണി ജോസഫ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ, വൈസ് പ്രസിഡൻറ് ബിനോയ് കുര്യൻ, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ടി.വി. അനുപമ, ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ, സബ് കലക്ടർ അനുകുമാരി, അഡീഷനൽ പ്രിൻസിപ്പൽ സി.സി.എഫ് ഡോ. പി. പുകഴേന്തി, പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗം ചീഫ് എൻജിനീയർ എൽ. ബീന, കെ.വി. ഉത്തമൻ, കണ്ണൂർ ഡി.എഫ്.ഒ പി. കാർത്തിക്, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി.കെ. സുരേഷ്ബാബു, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. വേലായുധൻ, ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. രാജേഷ്, ആറളം ഫാം എം.ഡി എസ്. ബിമൽഘോഷ്, മുൻ എം.എൽ.എ എം. പ്രകാശൻ, പി.ഡബ്ല്യു.ഡി എക്സിക്യൂട്ടിവ് എൻജിനീയർ കെ. ജിഷാകുമാരി, ആറളം ഫാം ട്രേഡ് യൂനിയൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
കേളകം: ആനമതിൽ നിർമിക്കുന്നത് സംബന്ധിച്ച് ധാരണയായശേഷം വിഷയത്തെക്കുറിച്ച് സംസാരിക്കാൻ എഴുന്നേറ്റ വനം വകുപ്പ് ഉത്തരമേഖല കൺസർവേറ്റർ ഡി.കെ. വിനോദ് കുമാറിന് മന്ത്രി എം.വി. ഗോവിന്ദന്റെ ശകാരം. ആനമതിൽ പൂർത്തിയാക്കാൻ രണ്ട് വർഷമെടുക്കുമെന്ന പരാമർശമാണ് മന്ത്രിയെ ക്ഷുഭിതനാക്കിയത്. എട്ടോ പത്തോ മാസംകൊണ്ട് പ്രവൃത്തി പൂർത്തിയാക്കാമെന്നിരിക്കെ രണ്ടുവർഷം എന്തിനാണെന്ന് ചോദിച്ചാണ് മന്ത്രി ഇദ്ദേഹത്തിനുനേരെ തിരിഞ്ഞത്. യോഗത്തിന്റെ മനഃശാസ്ത്രം അനുസരിച്ച് പെരുമാറാൻ പഠിക്കണമെന്ന ശാസനയും മന്ത്രി ഉദ്യോഗസ്ഥന് നൽകി.
ആനമതിലിനുപകരം മറ്റ് പ്രതിരോധ മാർഗങ്ങൾ യോഗത്തിൽ അവതരിപ്പിക്കാൻ വനം വകുപ്പ് അഡീഷനൽ ചീഫ് കൺസർവേറ്റർ പുകഴേന്തി ഉൾപ്പെടെ തുടക്കം മുതൽ കിണഞ്ഞുപരിശ്രമിച്ചിരുന്നു. എന്നാൽ, ജനവികാരം മനസ്സിലാക്കിയുള്ള സർക്കാർ നയം എം.വി. ഗോവിന്ദനും മറ്റ് മന്ത്രിമാരും എം.എൽ.എമാരായ കെ.കെ. ശൈലജയും സണ്ണി ജോസഫും യോഗത്തിൽ ആവർത്തിച്ചതോടെ മറുവാദങ്ങൾ ഒന്നും ഫലം കണ്ടില്ല. ആനമതിൽ തന്നെയാണ് ഫലപ്രദമെന്നും മറ്റ് പ്രതിരോധ മാർഗങ്ങൾ ഉണ്ടാകാമെങ്കിലും കൺമുന്നിൽ ഫലപ്രദമെന്നുതോന്നുന്ന സംവിധാനം ഉടൻ പ്രവർത്തികമാക്കുകയാണ് വേണ്ടതെന്നും മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു.
ആനമതിലിനായി അധികംവരുന്ന പണം സർക്കാർ നൽകുമെന്ന് മന്ത്രി കെ. രാധാകൃഷ്ണനും നിലപാടെടുത്തു. തന്റെ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ആനമതിലിനുപകരം മറ്റ് പ്രതിരോധ മാർഗങ്ങളും ആലോചിക്കാമെന്ന് വസ്തുതകൾ നിരത്തി വാദിക്കുമ്പോഴും, പ്രതിരോധ മാർഗങ്ങളിൽ വാശിപിടിക്കരുതെന്നും സാഹചര്യങ്ങൾക്കനുസരിച്ച് അനുയോജ്യമെന്ന് തോന്നുന്നത് പരിഗണിക്കണമെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രനും വ്യക്തമാക്കി. ജില്ല പഞ്ചായത്ത് പ്രസിഡന്റും മറ്റ് ജനപ്രതിനിധികളും തൊഴിലാളി യൂനിയൻ നേതാക്കളുമെല്ലാം ആനമതിൽ തന്നെ ഫലപ്രദം എന്ന നിലപാടിൽ ഉറച്ചുനിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.