കേളകം: ചീങ്കണ്ണിപ്പുഴയുടെ അതിർത്തിയിലെ കൃഷിയിടങ്ങൾ ഡിജിറ്റൽ സർവേയുടെ പേരിൽ ബഫർ സോണാക്കാൻ ഗൂഢശ്രമം നടക്കുകയാണെന്നും ഇത് തടയുമെന്നും കോൺഗ്രസ്.
കേളകം പഞ്ചായത്തിന്റെ അതിർത്തിയിൽ വരുന്ന ചീങ്കണ്ണി പുഴയുടെ വളയൻചാൽ മുതൽ അടക്കാത്തോട് വരെയുള്ള പ്രദേശങ്ങളിൽ റവന്യൂ വകുപ്പും ഫോറസ്റ്റ് വകുപ്പും ചേർന്ന നടത്തിയ സർവേയിൽ ദുരൂഹത ഉണ്ടെന്നും കോൺഗ്രസ് കേളകം മണ്ഡലം കമ്മറ്റി കേളകത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ബഫർ സോൺ അതിർത്തി നിർണ്ണയിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. റവന്യൂ ,വനം വകുപ്പ് നടത്തുന്ന സർവ്വേ എന്തിനുവേണ്ടിയാണെന്നോ ആർക്കുവേണ്ടിയാണെന്ന് വ്യക്തമാക്കുന്നില്ല. പഞ്ചായത്ത് അധികൃതർക്കോ വില്ലേജ് അധികൃതർക്കോ വിവരം ലഭിച്ചിട്ടുമില്ല. യാതൊരു വിവരവും ലഭിച്ചിട്ടില്ല എന്നാണ് സ്ഥലം എം.എൽ.എയും പറയുന്നത്. മതിയായ സർക്കാർ നോട്ടിഫിക്കേഷൻ ഇല്ലാതെ കൈവശക്കാരന്റെ ഭൂമി അളക്കാൻ ഏത് ഉദ്യോഗസ്ഥർ വന്നാലും ശക്തമായി അതിനെ നേരിടുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സന്തോഷ് മണ്ണാർകുളം, കെപിസിസി മെമ്പർ ലിസി ജോസഫ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് വിൽസൺ കൊച്ചുപുരയിൽ, ജോബി പാണ്ടൻ ചേരി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.