കേളകം: കേളകം ബിന്ദു ജ്വല്ലറി കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികളെക്കുറിച്ച് പൊലീസിന് കൃത്യമായ വിവരം ലഭിച്ചു. പ്രതികൾ സഞ്ചരിച്ചു എന്ന് സംശയിക്കുന്ന ഇന്നോവ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് രാമനാട്ടുകര സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഇന്നോവ കാറാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളിൽനിന്ന് പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി കേളകം പൊലീസ് ഇൻസ്പെക്ടർ പി.വി. രാജൻ പറഞ്ഞു.
മോഷണത്തിൽ അഞ്ചുപേർ പങ്കെടുത്തതായും ഇതിൽ പ്രധാനിയായ ഒരാൾ അടുത്തിടെ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽമോചിതനായ ആളാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തിനുപിന്നിൽ അന്തർസംസ്ഥാന മോഷണസംഘമാണെന്നും ഇതേദിവസം മണത്തണയിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിൽ നടന്ന മോഷണവും നടത്തിയത് ഇതേ സംഘം തന്നെയാണെന്നും പൊലീസ് കണ്ടെത്തി. മോഷണം നടന്ന് മൂന്നാംനാൾ വാഹനം തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്താൻ സഹായകമായത്.
നവംബർ 30ന് പുലർച്ച 2.30ഓടെയാണ് കേളകത്തെ ജ്വല്ലറിയിൽ മോഷണം നടന്നത്. ഷട്ടറിെൻറ നടുഭാഗം മാരകായുധമുപയോഗിച്ച് ഉയർത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ജ്വല്ലറിക്കകത്തുകയറിയ സംഘം ലോക്കർ കുത്തിത്തുറക്കാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. 3.30ഓടെയാണ് മണത്തണയിലെ കടയിൽ മോഷണം നടന്നത്. ഇവിടെയും സമാന രീതിയിൽ ഷട്ടർ കുത്തിത്തുറന്നതായി കണ്ടെത്തി. ഇരു സ്ഥലങ്ങളിലും മോഷ്ടക്കളുടെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. രണ്ടിടത്തും ഒരേ സംഘമാണ് കവർച്ച നടത്തിയതെന്നാണ് പൊലീസ് പ്രാഥമികമായി കണ്ടെത്തിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് പ്രതികളെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല.
കറുപ്പ് നിറത്തിലുള്ള ഇന്നോവ കാറിലെത്തിയ അഞ്ചംഗ സംഘമാണ് കവർച്ചക്കു പിന്നിലെന്ന പൊലീസിെൻറ പ്രാഥമിക നിഗമനം ശരിവെക്കുന്ന വിധത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഒരേ രീതിയിൽ ഷട്ടറുകളുടെ മധ്യഭാഗം ഉയർത്തിയാണ് സംഘം സ്ഥാപനങ്ങൾക്കകത്ത് കയറിയത്.പുലർച്ച ഷട്ടർ തകർത്തത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് ഡോഗ് സ്ക്വാഡും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.