ഹർത്താലിൽ വിജനമായ കൊട്ടിയൂർ നീണ്ടുനോക്കി ടൗൺ

പരിസ്ഥിതിലോല മേഖല; മലയോര ഹർത്താൽ പൂർണം

കേളകം: പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീ കോടതി ഉത്തരവിൽ പ്രതിഷേധിച്ച് നടന്ന ഹർത്താൽ പൂർണം. വാഹന ഗതാഗതത്തിന് തടസ്സമില്ലായിരുന്നുവെങ്കിലും കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. കെ.എസ്.ആർ.ടി.സി സർവിസ് നടത്തിയെങ്കിലും സ്വകാര്യ ബസുകൾ ഓടിയില്ല. ജില്ലയിലെ കൊട്ടിയൂർ, കേളകം, കണിച്ചാർ, ആറളം, അയ്യൻകുന്ന് പഞ്ചായത്തുകളിലാണ് എൽ.ഡി.എഫിന്റെയും മലയോര കർമസമിതിയുടെയും ആഭിമുഖ്യത്തിൽ ഹർത്താൽ നടത്തിയത്.

സംരക്ഷിത വനമേഖലക്ക് ചുറ്റുമുള്ള ഒരുകിലോമീറ്റർ, പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീംകോടതി ഉത്തരവിനെതിരായ പ്രതിഷേധത്തിനോടൊപ്പം കേന്ദ്ര സർക്കാറിന്റെ അടിയന്തര ഇടപെടലും സമരക്കാർ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിരുന്നു. സർക്കാർ സ്ഥാപനങ്ങളും ഹർത്താലിൽ പ്രവർത്തിച്ചില്ല.

വാഹനഗതാഗതത്തിന് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് സമരക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഹർത്താൽ പരിധിക്ക് പുറത്തുള്ള സ്ഥലങ്ങളിലേക്ക് മാത്രമേ ബസുകൾ സർവിസ് നടത്തിയുള്ളൂ. സ്വകാര്യ ബസുകൾ ഒന്നും സർവിസ് നടത്തിയില്ല. പ്രധാന കേന്ദ്രങ്ങളിൽ സമരാനുകൂലികൾ പ്രതിഷേധ പ്രകടനം നടത്തി. ഹർത്താൽ പരിധിയിൽ എവിടെയും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവിനെതിരെ ശക്തമായ സമര പരിപാടികൾക്കായിരിക്കും വരുംദിവസങ്ങളിലും മലയോര മേഖല സാക്ഷ്യം വഹിക്കുക.

ഉത്തരവിനെതിരെ പ്രക്ഷോഭ, നിയമ പോരാട്ടങ്ങളുമായി ശക്തമായി രംഗത്തിറങ്ങാനാണ് സർവകക്ഷി കർമസമിതിയുടെ തീരുമാനം.

ആറളം, കൊട്ടിയൂർ, ബ്രഹ്മഗിരി വന്യജീവി സങ്കേതം ബഫർസോൺ കർമസമിതി എന്ന പേരിൽ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾക്കാണ് സർവകക്ഷി കർമസമിതി നേതൃത്വം നൽകുക. തലശ്ശേരി അതിരൂപതയുടെയും ഇൻഫാമിന്റെയും, പരിസ്ഥിതിലോല ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും സംഘടന പ്രതിനിധികളുടെയും യോഗം ചേർന്നാണ് സംയുക്ത കർമസമിതി രൂപവത്കരിച്ച് പ്രക്ഷോഭത്തിന് തുടക്കമിട്ടത്.

Tags:    
News Summary - Buffer Zone; Hill hartal complete

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.