കേളകം: കോൺഗ്രസ് അംഗങ്ങളുടെ പരാതിയിൽ റീ പോളിങ് നടന്ന കണിച്ചാർ പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. നിലവിലെ ചെയർപേഴ്സനും സി.പി.എം ലോക്കൽ കമ്മിറ്റിയംഗവുമായിരുന്ന സനില അനിൽകുമാർ വീണ്ടും ചെയർപേഴ്സനായി തെരഞ്ഞെടുക്കപ്പെട്ടു.
എതിർസ്ഥാനാർഥി കോൺഗ്രസിലെ വി.കെ. ശ്രീകലയെയാണ് സനില പരാജയപ്പെടുത്തിയത്. ആകെയുള്ള 13 വോട്ടുകളിൽ എട്ട് വോട്ട് നേടിയാണ് സനില വിജയിച്ചത്. കഴിഞ്ഞ മാസം 25ന് നടന്ന തെരഞ്ഞെടുപ്പിൽ സനില 13ൽ ഏഴ് വോട്ടുകൾ നേടി വിജയിച്ചിരുന്നു.
തെരഞ്ഞെടുപ്പിൽ കൃതിമം നടന്നെന്നാരോപിച്ച് കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങളും ആറ് സി.ഡി.എസ് അംഗങ്ങളും കലക്ടർക്ക് നൽകിയ പരാതിയിലാണ് റീ പോളിങ് നടന്നത്. എന്നാൽ, റീ പോളിങ്ങിൽ സനിലക്ക് കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ ഒരു വോട്ട് കൂടുതൽ ലഭിച്ചു.
ഏലപ്പീടിക വാർഡിലെ സി.ഡി.എസ് അംഗം പ്രമീളയാണ് വൈസ് ചെയർപേഴ്സൻ. ഭരണസ്വാധീനം ഉപയോഗിച്ച് സി.പി.എം തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. ഇതേത്തുടർന്നാണ് റീ പോളിങ് നടത്തിയത്. എന്നാൽ, റീ പോളിങ്ങിൽ കോൺഗ്രസിന്റെ ഒരുവോട്ട് കുറഞ്ഞത് കോൺഗ്രസ് നേതൃത്വത്തിലും പ്രവർത്തകരിലും വിവാദങ്ങൾക്കും ചർച്ചക്കും വഴിവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.