കേളകം: ശാന്തിഗിരിയിൽ കൈലാസംപടിയിലെ ഭൂമിയിൽ വ്യാപകമായി വിള്ളലുകളുണ്ടായ പ്രദേശം റവന്യൂ, പഞ്ചായത്ത് സംഘം സന്ദർശിച്ചു.
ഇരിട്ടി തഹസിൽദാറുടെ നേതൃത്വത്തിലുള്ള റവന്യൂവകുപ്പ് സംഘമാണ് കേളകം പഞ്ചായത്ത് ഭാരവാഹികൾക്കൊപ്പം സ്ഥലം സന്ദർശിച്ചത്.
കഴിഞ്ഞ ഏതാനും വർഷമായി മഴക്കാലത്ത് നിരന്തരം ഭൂമിയിൽ വിള്ളലുകൾ രൂപപ്പെടുന്ന പ്രദേശത്തെ പതിമൂന്നോളം കുടുംബങ്ങൾ നിലവിൽ ഭീഷണിയിലാണ് കഴിയുന്നത്. ഇവരെ സുരക്ഷിതസ്ഥാനത്തേക്ക് പുനരധിവസിപ്പിക്കണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ഇരിട്ടി തഹസിൽദാർ സി.വി. പ്രകാശന്റെ നേതൃത്വത്തിലുള്ള റവന്യൂസംഘം, കേളകം പഞ്ചായത്ത് പ്രസിഡൻറ് സി.ടി. അനീഷ്, പഞ്ചായത്തംഗങ്ങളായ തങ്കമ്മ മേലെക്കുറ്റ്, സജീവൻ പാലുമ്മി, ജോണി പാമ്പാടി, ബിജു പൊരുമത്തറ, കൃഷി ഓഫിസർ കെ.ജി. സുനിൽ, കൊട്ടിയൂർ വില്ലേജ് ഓഫിസർ ജോമോൻ തുടങ്ങിയവരും സന്ദർശനത്തിൽ പങ്കെടുത്തു. ജില്ല കലക്ടർ അടുത്തദിവസം സ്ഥലം സന്ദർശിക്കുമെന്നും ഭീഷണി നേരിടുന്ന പ്രദേശവാസികളെ പുനരധിവസിപ്പിക്കാൻ നടപടിയുണ്ടാവുമെന്നും അത്യാവശ്യഘട്ടമുണ്ടായാൽ പ്രദേശവാസികളെ ക്യാമ്പുകളിലേക്ക് മാറ്റുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.