കേളകം: ഇടുങ്ങിയ വീട്ടിൽ ഇരുണ്ട ഒറ്റമുറിയിൽ ഡീസൽ മണമുള്ള ജീവിതം നയിച്ച ഫ്രാൻസിസിന് ഇനി പുതുജീവിതം. കാരുണ്യത്തിെൻറ സുമനസ്സുകൾ കനിഞ്ഞപ്പോൾ കോൺക്രീറ്റ് വീട്ടിൽ ഇനി ഫ്രാൻസിസിന് അന്തിയുറങ്ങാം.
മൂന്ന് സെൻറിലെ ഇഷ്ടിക ചുവരുള്ള കുടുസുമുറിയിൽ നിന്ന് വെളിച്ചത്തിെൻറ പുതു വീട്ടിൽ ഇദ്ദേഹം ജീവിതമാരംഭിച്ചു. ഫ്രാൻസിസിെൻറ ദുരിത കഥ 'മാധ്യമം' പ്രസിദ്ധീകരിച്ചിരുന്നു. ഡീസൽ ഉപയോഗിച്ച് ഒറ്റ മുറിക്കുളളിൽ ഇരുന്ന് ഭക്ഷണം പാചകം ചെയ്യുന്നതിനാൽ ഫ്രാൻസിസിെൻറ ശരീരം മുഴുവൻ കരിയും ഡീസൽ മണവുമായിരുന്നു.
മണ്ണണ്ണയെക്കാളും ലഭ്യത കൂടുതൽ ഡീസലിനായതിനാലാണ് ഫ്രാൻസിസ് ഡീസൽ വാങ്ങി പാചകം ചെയ്തിരുന്നത്. മണ്ണെണ്ണ ലഭിക്കാൻ റേഷൻ കാർഡുണ്ടായിരുന്നില്ല. ഒരു രേഖയും ഇല്ലാത്തതിനാൽ കാർഡ് നൽകാൻ കഴിയാത്ത സ്ഥിതിയായിരുന്നു. പഞ്ചായത്ത് അധികൃതർ പ്രദേശത്തെ താമസക്കാരനാണെന്നും വ്യക്തമാക്കി കൈവശ ഭൂമി ഉള്ളതിെൻറ രേഖകൾ നൽകിയിട്ടും താലൂക്കിൽ നിന്ന് തിരിച്ചറിയൽ കാർഡ് ലഭിക്കാത്ത സാഹചര്യം ഉണ്ടായപ്പോഴാണ് വാർത്തയായത്.
ഫ്രാൻസിസിെൻറ ദുരിത കഥ പുറത്തുവന്നയുടൻ തിരിച്ചറിയൽ കാർഡും നാളുകൾക്ക് ശേഷം ആധാർ കാർഡും ലഭിച്ചു. ഇതിനിടയിലാണ് പ്രവാസിയായ ഒരു വ്യക്തി ഫ്രാൻസിസിന് വീടു നിർമിച്ച് നൽകാം എന്ന വാഗ്ദാനവുമായി എത്തുന്നത്. 2.5 ലക്ഷം രൂപ ചെലവിൽ ഫ്രാൻസിസിന് വാസയോഗ്യമായ വീട് എന്ന സ്വപ്നം പൂർത്തിയായി. വയനാട്ടിലെ കേണിച്ചിറ വാളവയലിൽ നിന്ന് 32 വർഷങ്ങൾക്ക് മുമ്പ് കേളകത്ത് കൂലിപ്പണിക്കായി എത്തിയതാണ് ഫ്രാൻസിസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.