കേളകം: മലയോരത്ത് പ്രഖ്യാപിച്ച 64 കോടി രൂപയുടെ കുടിവള്ള പദ്ധതിയുടെ ഒന്നാംഘട്ട നിർമാണ പ്രവൃത്തി വീണ്ടും തുടങ്ങി. മൂന്നു പഞ്ചായത്തുകളിലെ പതിനായിരക്കണക്കിന് ജനങ്ങൾക്ക് കുടിവെള്ളമെത്തിക്കാനുള്ള പദ്ധതിയുടെ നിർമാണം പുനരാരംഭിച്ചതോടെ ജലക്ഷാമം നേരിടുന്ന മലയോരത്തെ ജനങ്ങൾക്ക് പ്രതീക്ഷയായി. കാലവർഷം ശക്തമായതോടെ പ്രവൃത്തി നിർത്തിവെച്ചിരുന്നു. ഇതാണ് വീണ്ടും തുടങ്ങിയത്.
മലയോര പ്രദേശങ്ങളായ കേളകം, കൊട്ടിയൂർ, കണിച്ചാർ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലായി കുടിവെള്ളം എത്തിക്കുന്നതിനായി ആറുവർഷം മുമ്പാണ് പദ്ധതി വിഭാവനം ചെയ്തത്. ആദ്യഘട്ടത്തിൽ ബാവലി-ചീങ്കണ്ണിപ്പുഴകൾ സംഗമിക്കുന്ന കാളികയത്ത് പമ്പ് ഹൗസ്, കിണർ, ശുചീകരണ പ്ലാൻറ്, വിവിധ മേഖലകളിൽ സംഭരണികൾ എന്നിവ സ്ഥാപിക്കാൻ 25 കോടി രൂപയുടെ പദ്ധതികളാണ് കരാർ നൽകിയത്.
സണ്ണി ജോസഫ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 75 ലക്ഷം രൂപ ചെലവിട്ടാണ് മൂന്നു പഞ്ചായത്തുകളിൽ ഭൂമി ഏറ്റെടുത്തത്. മൂന്ന് പഞ്ചായത്തുകളിലെ 30 വാർഡുകളിലെ ജനങ്ങൾക്ക് ഉപകാരപ്പെടുന്നതാണ് പദ്ധതി. വെണ്ടേക്കുംചാൽ, മേമല, പൂവതിൻചോല എന്നിവിടങ്ങളിൽ ടാങ്കുകൾ സ്ഥാപിക്കും.
കണിച്ചാര്‍ കാളികയത്ത് ബാവലിപ്പുഴയില്‍ നിർമിക്കേണ്ട കിണറിെൻറ പ്രവൃത്തി നടത്തിയിരുന്നു. കാളികയത്ത് ബാവലി പുഴയോട് ചേര്‍ന്ന് നിർമിക്കുന്ന കിണറില്‍നിന്ന് വെള്ളം ശുദ്ധീകരണ പ്ലാൻറില്‍ എത്തിച്ച് ശുദ്ധീകരിച്ച ശേഷം മഞ്ഞളാംപുറത്തെ ഗ്രാവിറ്റേഷന്‍ കേന്ദ്രത്തില്‍നിന്നും വിതരണ ടാങ്കുകൾ വഴി കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍ പഞ്ചായത്തുകളിൽ കുടിവെള്ളം എത്തിക്കുന്നതാണ് പദ്ധതി.
പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ മലയോര പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. അടുത്ത ഏപ്രിൽ മാസത്തോടെ പദ്ധതിയുടെ ആദ്യഘട്ടം പ്രവർത്തനക്ഷമമാകും. വാട്ടർ അതോറിറ്റിയുടെ മറ്റ് പദ്ധതികളും ഇതുമായി ബന്ധിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.