കേളകം: പാലുകാച്ചി മലയില്‍ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സാധ്യതാപഠനം നടത്താന്‍ ടൂറിസം വകുപ്പ് സ്ഥലപരിശോധന നടത്തി. ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ടി.വി. പ്രശാന്ത്, ഡി.ടി.പി.സി സെക്രട്ടറി കെ.സി. ശ്രീനിവാസന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പാലുകാച്ചിയില്‍ എത്തിയത്. കേളകം, കൊട്ടിയൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന പാലുകാച്ചി മലയുടെ ദൃശ്യഭംഗിയും ജൈവവൈവിധ്യവും കോര്‍ത്തിണക്കി ജില്ലയിലെ തന്നെ മികച്ച ഇക്കോടൂറിസം പദ്ധതിയാക്കി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പ്രദേശത്ത് സ്ഥലപരിശോധന നടത്തിയത്. ദൃശ്യവിസ്മയമായി പാലുകാച്ചിമലയുടെ ടൂറിസം സാധ്യതകൾ വിവരിച്ച വാർത്ത കഴിഞ്ഞ ദിവസം മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു.
വനംവകുപ്പിെൻറ അനുമതിയോടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഇക്കോ ടൂറിസം പദ്ധതി യാഥാര്‍ഥ്യമായാല്‍ കേളകം കൊട്ടിയൂര്‍ പഞ്ചായത്തുകളുടെ അടിസ്ഥാന വികസനത്തിന് ഏറെ മുതല്‍ക്കൂട്ടാകും. വനത്തിലെ സ്വാഭാവികരീതിയില്‍ മാറ്റം വരുത്താതെയുള്ള ടൂറിസം സാധ്യതകള്‍ ആണ് ഉദ്യോഗസ്ഥര്‍ പ്രധാനമായും പരിശോധിച്ചത്. ഒന്നര കിലോമീറ്ററോളം വനപാത താണ്ടിവേണം പാലുകാച്ചി മലയില്‍ എത്താന്‍. അതുകൊണ്ടുതന്നെ പ്രകൃതിക്ക് കോട്ടം തട്ടാത്ത പദ്ധതികളാണ് പരിഗണിക്കുക.
വാച്ച് ടവര്‍, കഫറ്റീരിയപോലുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി പഞ്ചായത്ത് സ്ഥലം കണ്ടെത്തി നല്‍കണമെന്നും ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിനായി ഡി.എഫ്.ഒയുമായി ചര്‍ച്ച ചെയ്തശേഷം വനംവകുപ്പിെൻറ അനുമതിയോടെ ഇരു പഞ്ചായത്തുകളും പ്രൊപോസല്‍ തയാറാക്കി ടൂറിസം വകുപ്പിന് നല്കിയാല് എത്രയും പെട്ടെന്ന് തന്നെ മേല്‍നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പഞ്ചായത്തിലെ കണ്ടംതോട് പുല്‍മേടും സന്ദര്‍ശിച്ച ശേഷമാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.