കേളകം, കൊട്ടിയൂർ, പേരാവൂർ, ഇരിട്ടി മേഖല അതിർത്തി പങ്കിടുന്നത് മൂന്ന് സംരക്ഷിതവനങ്ങളുമായി; പരിസ്ഥിതിലോല വിധിയിൽ മലയോരകർഷകർ ആശങ്കയിൽ

കേളകം: സംരക്ഷിതവനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ വീതിയിൽ ഇക്കോ സെൻസിറ്റീവ് സോൺ നിർബന്ധമാക്കണമെന്ന സുപ്രീംകോടതി വിധിയിൽ മലയോരകർഷകർ വീണ്ടും ആശങ്കയിൽ. കേളകം, കൊട്ടിയൂർ, പേരാവൂർ, ഇരിട്ടി മേഖലകൾ മൂന്ന് സംരക്ഷിതവനങ്ങളുമായാണ് അതിർത്തിപങ്കിടുന്നത്. ആറളം, കൊട്ടിയൂർ വന്യജീവിസങ്കേതങ്ങൾ, കർണാടകയിലെ ബ്രഹ്മഗിരി വനമേഖലകൾ എന്നിവയാണവ. ഈ പ്രദേശങ്ങളിലെല്ലാം വനത്തിൽനിന്ന് ഒരുകിലോമീറ്റർ പരിധിക്കുള്ളിൽ ജനവാസകേന്ദ്രങ്ങൾ ഏറെയുണ്ട്.

ഇവിടെ ഒരുതരത്തിലുള്ള വികസന-നിർമാണ പ്രവർത്തനങ്ങൾക്കും അനുമതിയില്ല. നിലവിൽ മേഖലയിൽ നടക്കുന്ന വികസനപ്രവർത്തനങ്ങൾ അതത്‌ സംസ്ഥാനങ്ങളിലെ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ അനുമതിയോടുകൂടി മാത്രമേ തുടരാൻ കഴിയൂവെന്നതടക്കമുള്ള കാര്യങ്ങളാണ് കോടതി ഉത്തരവിലുള്ളത്.

മുമ്പ് കസ്തൂരിരംഗൻ റിപ്പോർട്ട് പ്രകാരം ജില്ലയിൽ 311 ച.കി.മി ഭൂമി പരിസ്ഥിതിലോലമാക്കാൻ നിർദേശമുണ്ടായിരുന്നു. ഇതിൽ മാറ്റംവരുത്തി ഉമ്മൻ വി. ഉമ്മൻ കമ്മിറ്റിയും പിന്നീട് പി.എച്ച്. കുര്യനും റിപ്പോർട്ട് നൽകി. പി.എച്ച്. കുര്യൻ റിപ്പോർട്ട് പ്രകാരം 215 ച.കി.മിയാണ് പരിസ്ഥിതിലോലമാക്കേണ്ടത്. ഈ മൂന്ന് റിപ്പോർട്ടുകൾ പ്രകാരവും കൊട്ടിയൂർ, ആറളം, ചെറുവാഞ്ചേരി വില്ലേജുകളിലെ പ്രദേശങ്ങൾ മാത്രമാണ് പരിസ്ഥിതിലോലമാവുക. എന്നാൽ, സുപ്രീംകോടതി വിധി പ്രകാരം കൂടുതൽ വില്ലേജുകളിൽ പരിസ്ഥിതിലോല മേഖലകളുണ്ടാകും.

കേരളത്തിലെതന്നെ വിവിധ വന്യജീവി സങ്കേതങ്ങളുമായി ബന്ധപ്പെട്ട് പഠിസ്ഥിതിലോല അന്തിമ വിജ്ഞാപനം വരാനിരിക്കെയാണ് സുപ്രീംകോടതി നിർണായകവിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഈ റിപ്പോർട്ടുകളിൽ ഇനി പരിസ്ഥിതിലോല മേഖല കുറച്ചാലും സുപ്രീംകോടതി വിധി നിലനിൽക്കുന്നതിനാൽ കർഷകർക്ക് തിരിച്ചടിയാവും.

അപ്പീൽ നൽകണം -സണ്ണി ജോസഫ് എം.എൽ.എ

കേളകം: സുപ്രീംകോടതി ഉത്തരവ് കർഷകരെ ആശങ്കയിലാക്കുന്നതാണെന്നും കേരളം അപ്പീൽ നൽകണമെന്നും സണ്ണി ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. പേരാവൂർ മണ്ഡലത്തിൽ മാത്രം മൂന്നു സംരക്ഷിതവനമേഖലകളുമായി അതിർത്തിപങ്കിടുന്ന പ്രദേശങ്ങളുണ്ട്. ഇവയെല്ലാം ജനവാസകേന്ദ്രങ്ങളുമാണ്. ഇവിടങ്ങളിലെ റോഡ് നിർമാണങ്ങളടക്കമുള്ളവക്ക് തടസ്സമുണ്ടാക്കുന്ന വിധിയാണിതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനവ്യാപകമായി ലക്ഷക്കണക്കിന് കർഷകരെ ബാധിക്കുന്ന പ്രശ്നത്തിൽ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ കേരള ഇൻഡിപെൻഡൻറ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) ഉൾപ്പെടെ വിവിധ കർഷക സംഘടനകളും തീരുമാനിച്ചിട്ടുണ്ട്.

Tags:    
News Summary - ecologically sensitive zone order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.